അയര്‍ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പും, യൂറോപ്യന്‍ തെരഞ്ഞെടുപ്പും ജൂണ്‍ 7-ന് നടക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍. അതേസമയം രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് എന്ന് നടക്കും എന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ വ്യാഴാഴ്ചത്തെ പ്രഖ്യപനവേളയില്‍ വരദ്കര്‍ തയ്യാറായില്ല. അതേസമയം ഉടന്‍ പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വരദ്കര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളുടെ തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കുടുംബം, കെയര്‍ എന്നിവ സംബന്ധിച്ചുള്ള ഭരണഘടനാ നിര്‍വ്വചനം മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പില്‍ മാറ്റം വേണ്ട എന്ന നിലപാടായിരുന്നു ഭൂരിപക്ഷം ജനങ്ങളും എടുത്തിരുന്നത്. അതേസമയം മാറ്റം വേണം എന്ന നിലപാടിനെയായിരുന്നു സര്‍ക്കാര്‍ കക്ഷികള്‍ പിന്തുണച്ചിരുന്നത്.
സെന്റ് പാട്രിക്‌സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ടുള്ള യുഎസ് സന്ദര്‍ശനത്തിനിടെയായിരുന്നു വരദ്കര്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 7-ന് തന്നെ ലിമറിക്ക് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സഖ്യസര്‍ക്കാരിന് 2025 ഫെബ്രുവരി വരെ തുടരാന്‍ അധികാരമുണ്ട്. അങ്ങനെയെങ്കില്‍ പരമാവധി 2025 മാര്‍ച്ചിന് പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. എന്നിരുന്നാലും സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അതിന് മുമ്പെ തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.