അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ നേരിയ വര്‍ദ്ധന. സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം ഡിസംബറിലെ ശരാശരി മോര്‍ട്ട്‌ഗേജ് പലിശ 4.19% ആയിരുന്നു. എന്നാല്‍ ജനുവരിയില്‍ എത്തുമ്പോള്‍ അത് 4.27% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം 2023 ജനുവരിയില്‍ ഇത് 2.93% ആയിരുന്നു.
20 യൂറോസോണ്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മോര്‍ട്ട്‌ഗേജ് പലിശയുള്ള രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് അയര്‍ലണ്ട്. യൂറോസോണ്‍ രാജ്യങ്ങളിലെ ശരാശരി നിരക്കാകട്ടെ 3.96 ശതമാനവും ആണ്.
പണപ്പെരുപ്പം കുറയ്ക്കുക എന്ന ലക്ഷ്യവുമായി European Central Bank (ECB) പലിശനിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചതോടെയാണ് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ കഷ്ടത്തിലായത്. എന്നാല്‍ ECB-യുടെ ഇക്കഴിഞ്ഞ യോഗത്തില്‍ എടുത്ത പലിശനിരക്കുകള്‍ ഇനി വര്‍ദ്ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനം ആശ്വാസകരമാണ്. വരും മാസങ്ങളില്‍ നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.
മാസാ മാസമുള്ള നിരക്കില്‍ നേരിയ വര്‍ദ്ധന സംഭവിച്ചിട്ടുണ്ടെങ്കിലും പലിശനിരക്ക് നിലവില്‍ സുസ്ഥിരമാണെന്നാണ് ഐറിഷ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. യൂറോസോണ്‍ ശരാശരിയില്‍ നിന്നും നിരക്ക് ഏറെ വിഭിന്നവുമല്ല. തിരിച്ചടവ് വര്‍ദ്ധിച്ചത് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വൈകാതെ തന്നെ തിരിച്ചടവ് തുക കുറയുമെന്ന് സാരം.