വെക്‌സ്‌ഫോര്‍ഡിലെ റോസ്ലെയര്‍ യൂറോപോര്‍ട്ടില്‍ അധികൃതരില്ലാതെ എത്തിയ ട്രെയിലറില്‍ ആറ് കുടിയേറ്റക്കാരെ കണ്ടെത്തി. മതിയായ രേഖകളില്ലാതെ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ തിരികെ പറഞ്ഞയയ്ക്കുമെന്ന് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖമായ റോസ്ലെയറില്‍ എത്തിയ ട്രെയിലറില്‍ വിദേശികളായ ആറ് പുരുഷന്മാരെ മതിയായ കുടിയേറ്റ രേഖകളില്ലാതെ കണ്ടെത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് ഇവരെ ഇവിടെ എത്തിച്ചതെന്നാണ് നിഗമനം. അയര്‍ലണ്ടില്‍ നിന്നും ഇവര്‍ തിരികെ പോകാന്‍ വിസമ്മതിച്ചതോടെ ബലമായി ഫെറിയില്‍ കയറ്റി വന്ന ഇടത്തേയ്ക്ക് തന്നെ തിരിച്ചയയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം സംഘത്തില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെ ശിശുപരിപാലന ഏജന്‍സിയായ Tusla ഏറ്റെടുത്തിട്ടുണ്ട്.
ജനുവരിയില്‍ ഇതേ തുറമുഖത്ത് ശീതീകരിച്ച ട്രെയിലറില്‍ സമാനമായി രേഖകളില്ലാത്ത 14 കുടിയേറ്റക്കാരെ കണ്ടെത്തിയിരുന്നു. ഇവരില്‍ ആരും മരണപ്പെടാത്തത് ഭാഗ്യം കൊണ്ടാണെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ അന്ന് പറഞ്ഞിരുന്നു.