ബ്ലാക്ക്റോക്കില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18-ന്; ആഘോഷപൂർവ്വമായ റാസ കുര്‍ബ്ബാനയും ലദീഞ്ഞും

ഡബ്ലിൻ: സാര്‍വത്രിക സഭയുടെ മധ്യസ്ഥനും സീറോ മലബാർ ബ്‌ളാക്ക്‌റോക്ക്  ഇടവകയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 18-ന് തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ച് ആഘോഷപരമായ റാസ കുർബാനയോടെയാണ് തിരുനാൾ ആഘോഷങ്ങൾ.

തിരുനാളിനൊരുക്കമായി വെള്ളി, ശനി, ഞായർ (മാർച്ച്‌ 15 ,16 ,17) ദിവസങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷമായ റാസ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ട്രസ്റ്റിമാരായ സിബി സെബാസ്റ്റ്യന്‍, ബിനു ജോസഫ് എന്നിവർ അറിയിച്ചു.

തിരുക്കർമ്മങ്ങളുടെ സമയം:  വെള്ളി (15th): 6:30PM-ന് കുരിശിന്റെ വഴി, തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും.  ശനി(16th): 7 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് നൊവേന. ഞായർ (17th) വൈകിട്ട്  5 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് നൊവേനയും.

ആഗോള കത്തോലിക്കാ സഭ, യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ആഘോഷിക്കുന്നത് മാര്‍ച്ച് 19-നാണ്. ഈ ദിവസത്തെ തിരുനാളില്‍ മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പ് പ്രക്രിയയില്‍ വിശുദ്ധനുള്ള പങ്കിനെപ്പറ്റി  അനുസ്മരിക്കുന്നു. വിശുദ്ധ യൌസേപ്പ് പിതാവ് മരിക്കുമ്പോള്‍ യേശുവും, മറിയവും മരണക്കിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്. കൂടാതെ പിതാക്കന്‍മാരുടേയും, മരപ്പണിക്കാരുടേയും, സാമൂഹ്യനീതിയുടേയും മദ്ധ്യസ്ഥനായും അദ്ദേഹത്തെ കണക്കാക്കുന്നു.

യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ട് വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്ററുമായ റവ. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: