റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിച്ച കേരളത്തിലെ 200 പേരുടെ വിസ നിരസിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത. 14 മാസം മുമ്പ് അയര്‍ലണ്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 500 നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നു എന്നുകാട്ടി എറണാകുളത്തെ ഒരു ഏജന്‍സി പരസ്യം കണ്ട് അപേക്ഷ നല്‍കിയവര്‍ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിക്കുകയും, വീണ്ടും അപേക്ഷിക്കുന്നതിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ അപേക്ഷയുമായി ബന്ധപ്പെട്ട് ഏജന്‍സി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ പറയുന്നു.
ഓരോരുത്തരും നാല് ലക്ഷത്തോളം രൂപയാണ് ഏജന്‍സിക്ക് നല്‍കിയിരുന്നത്. ഏജന്‍സി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും, പിന്നീട് അയര്‍ലണ്ടില്‍ നിന്നും ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടക്കുകയും ചെയ്തിരുന്നു. പിന്നീട് വര്‍ക്ക് പെര്‍മിറ്റ് എന്ന പേരില്‍ വാട്‌സാപ്പില്‍ ഒരു രേഖയും അയച്ചുകിട്ടി. രേഖകളെല്ലാം എറണാകുളത്തെ തന്നെ വിസ പ്രോസസിങ് കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ്- സെപ്റ്റംബര്‍ കാലയളവിലായിരുന്നു ഇതെല്ലാം നടന്നത്. ഒരു മാസത്തിനകം വിസ വരുമെന്നും ഏജന്‍സി വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ വിസ നിരസിച്ചതായും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായുമുള്ള കത്താണ് മൂന്നാഴ്ച മുമ്പ് അപേക്ഷകര്‍ക്ക് ലഭിച്ചത്. വ്യാജരേഖകള്‍ സമര്‍പ്പിച്ചതാണ് കാരണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡല്‍ഹിയിലെ അയര്‍ലണ്ട് എംബസിയില്‍ നിന്നും അപേക്ഷകരെ വിളിച്ച് ശകാരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍, ഇതിലെ തങ്ങളുടെ പങ്ക് പുറത്തുപറയരുതെന്നും, അങ്ങനെയെങ്കില്‍ വിസയ്ക്കായി നല്‍കിയ പണം തിരികെ നല്‍കില്ലെന്നുമാണ് ഏജന്‍സി തന്ന മറുപടിയെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. ഇതോടെ രേഖകള്‍ തങ്ങള്‍ തന്നെ സ്വയം നിര്‍മ്മിച്ചതാണെന്ന് പറയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധിതരായി. ഗള്‍ഫില്‍ നിന്നും ജോലി രാജിവച്ച് വന്നവരും ഇക്കൂട്ടത്തിലുണ്ട്.
അപേക്ഷ നല്‍കിയ ചിലര്‍ക്ക് മാത്രം പണത്തിന്റെ ഒരു പങ്ക് തിരികെ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.