മാനുഷികപരിഗണന നല്‍കി പലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. സെന്റ് പാട്രിക്‌സ് ഡേ ആചാരത്തിന്റെ ഭാഗമായി യുഎസ് സന്ദര്‍ശനത്തിനെത്തിയ വരദ്കര്‍, അവിടെ വച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാകത്ത സാഹചര്യത്തില്‍, അവരെ പിന്തുണയ്ക്കുന്ന യുഎസിലേയ്ക്കുള്ള യാത്ര പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് അയര്‍ലണ്ടില്‍ ആവശ്യമുയര്‍ന്നിരുന്നു.
സെന്റ് പാട്രിക്‌സ് ദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഐറിഷ് പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. മാര്‍ച്ച് 17-നാണ് ഇത്തവണത്തെ ദേശീയ ആഘോഷം. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ വെള്ളിയാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി വരദ്കര്‍ കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച യുഎസിലെ ബോസ്റ്റണിലെത്തിയ വരദ്കര്‍, JFK Presidential Library and Museum സന്ദര്‍ശിച്ച ശേഷമാണ് ആദ്യ പ്രസംഗം നടത്തിയത്. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം വിദ്വേഷം നിറഞ്ഞതും, ക്രൂരവുമാണെന്നും, അത് മറക്കാനോ, അവഗണിക്കാനോ കഴിയുന്നതല്ലെന്നും വരദ്കര്‍ പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ പലസ്തീനികളെ കൊന്നൊടുക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാം നിശബ്ദരായി ഇരിക്കുന്ന കാലമത്രയും നിരപരാധികളുടെ നിലവിളികള്‍ നമ്മളെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം നടത്താനായി [പലസ്തീനിലെ] ഒരു കുട്ടിയും സമ്മതം നല്‍കിയിട്ടില്ലെന്നും, ഒരു കുട്ടി പോലും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടരുതെന്നും പറഞ്ഞ വരദ്കര്‍, ബോബും, നശീകരണവും കാരണം മാത്രമല്ല, മറിച്ച് ചികിത്സ കിട്ടാതെയുമാണ് [പലസ്തീനില്‍] കുട്ടികള്‍ മരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സും ഗാസയില്‍ പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെ അപലപിച്ചിരുന്നു.