സുരക്ഷാ പരിശോധനയ്ക്ക് ക്യൂവില്‍ നില്‍ക്കുന്ന സമയം നീളുക, ടെര്‍മിനലുകള്‍, ബാത്ത്‌റൂമുകള്‍ എന്നിവ വൃത്തിയാക്കാതിരിക്കുക, ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ വരുത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് 10.1 മില്യണ്‍ യൂറോ പിഴയിട്ട് The Irish Aviation Authority (IAA). 2023-ല്‍ ഉണ്ടായ വീഴ്ചകളുടെ പേരിലാണ് പിഴ.
അതേസമയം ഉപഭോക്താക്കളുടെ സംതൃപ്തി, സൗകര്യപ്രദമായി യാത്രകള്‍ കൈകാര്യം ചെയ്യുക, വൈഫൈ സൗകര്യം, ബാഗേജ് ട്രോളി ലഭ്യമാക്കല്‍ എന്നിവയില്‍ കാട്ടിയ മികവ് 3.4 മില്യണ്‍ യൂറോയുടെ അധിക സര്‍വീസ് ബോണസ് നേടാനും എയര്‍പോര്‍ട്ടിനെ സഹായിച്ചു.
2023-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ സുരക്ഷാപരിശോധനയ്ക്കായി യാത്രക്കാര്‍ ക്യൂ നില്‍ക്കേണ്ടിവന്ന സമയം നേരത്തെ തീരുമാനിച്ചതിലും അധികമായിരുന്നുവെന്ന് The Irish Aviation Authority (IAA) വിലയിരുത്തി. എന്നാല്‍ അതിന് ശേഷം സമയത്തില്‍ കാര്യമായ കുറവ് വന്നതായും IAA കൂട്ടിച്ചേര്‍ത്തു.
എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കുള്ള അനുഭവം മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ daa പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം 15 മില്യണ്‍ പേര്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതായും, അതില്‍ 97% പേരും 20 മിനിറ്റില്‍ താഴെ മാത്രമാണ് സുരക്ഷാപരിശോധനയ്ക്കായി കാത്തുനില്‍ക്കേണ്ടിവന്നതെന്നും daa അവകാശപ്പെട്ടു. ആദ്യത്തെ അഞ്ച് മാസങ്ങളിലുണ്ടായ വീഴ്ച പിന്നീടുള്ള മാസങ്ങളില്‍ പരിഹരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.