മനുഷ്യക്കടത്ത്, തൊഴില്‍ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട് കോര്‍ക്കില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോര്‍ക്ക്, റോസ്‌കോമണ്‍ എന്നിവിടങ്ങളിലായി ശനിയാഴ്ച രാവിലെ ഗാര്‍ഡ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. മൂന്ന് പേരും പുരുഷന്മാരാണ്.
വിവിധ യൂണിറ്റുകളില്‍ നിന്നായി 100-ലധികം ഗാര്‍ഡകള്‍ പങ്കെടുത്താണ് ഓപ്പറേഷന്‍ നടന്നത്. ഗാര്‍ഡയുടെ സായുധസംഘവും സഹായം നല്‍കി. തെളിവുകളായി ഏതാനും സാധനങ്ങള്‍ പിടിച്ചെടുത്തതായും ഗാര്‍ഡ അറിയിച്ചു.
ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2007-ലെ സെക്ഷന്‍ 50 ചുമത്തിയ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
കിഴക്കന്‍ യൂറോപ്പിലെ മനുഷ്യക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള അയര്‍ലണ്ടിലെ ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍. തൊഴില്‍ ചൂഷണത്തിനായി അയര്‍ലണ്ടിലേയ്ക്ക് അനധികൃതമായി ആളുകളെ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെന്ന് ഗാര്‍ഡ പറഞ്ഞു. യൂറോപോളിന്റെ കൂടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.