അയര്‍ലണ്ടില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രിയമേറുന്നു. സാധാരണ ഹൈബ്രിഡ് കാറുകള്‍, പ്ലഗ്- ഇന്‍ ഹൈബ്രിഡ് കാറുകള്‍ എന്നിവയ്ക്ക് രാജ്യത്ത് ജനസ്വീകാര്യത വര്‍ദ്ധിച്ചുവരുന്നതാണ് പുതിയ ട്രെന്‍ഡ്.
ഈ വര്‍ഷം കാര്‍ വിപണി പൊതുവില്‍ മെച്ചപ്പെട്ട നിലയിലാണ്. 2024-ല്‍ ഫെബ്രുവരി അവസാനം വരെ രാജ്യത്ത് 47,882 പുതിയ കാറുകളുടെ രജിസ്‌ട്രേഷനാണ് നടന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 18.3% അധികമാണിത്.
ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ 33% പെട്രോള്‍ മോഡലുകളാണ്. 24% ആണ് ഡീസല്‍. 23% റെഗുലര്‍ ഹൈബ്രിഡുകളും, 9% പ്ലഗ്- ഇന്‍ ഹൈബ്രിഡുകളുമാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ആദ്യ രണ്ട് മാസങ്ങളില്‍ 1.4% മാത്രമാണ് ഇ-കാറുകളുടെ വിപണി വളര്‍ച്ച. ആകെ വില്‍പ്പന നടന്ന കാറുകളില്‍ 12.5% ആണ് ഇവികള്‍. മുമ്പ് ഇത് 14.5% ആയിരുന്നു.
അതേസമയം ഇവികളുടെ ഈ വില്‍പ്പനക്കുറവ് ഐറിഷ് വിപണിയില്‍ മാത്രമല്ലെന്നും, മറ്റ് വിപണികളിലെയും സ്ഥിതി ഇതു തന്നെയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ ആദ്യം കുറേപ്പേര്‍ തയ്യാറാകുമെങ്കിലും, കൂടുതല്‍ പേരിലേയ്ക്ക് അത് എത്തുന്നതിന് മുമ്പായി ഇത്തരത്തില്‍ ഒരു ക്ഷീണം സാധാരണയാണെന്നും അവര്‍ പറയുന്നു. വൈകാതെ തന്നെ ഇവി വില്‍പ്പന വളര്‍ച്ചയിലേയ്ക്ക് കടക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൊയോട്ട തന്നെയാണ് രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കാര്‍ ബ്രാന്‍ഡ്- 7,277 കാറുകളാണ് രണ്ട് മാസത്തിനിടെ കമ്പനി വിറ്റത്. 5,259 കാറുകളുമായി സ്‌കോഡ രണ്ടാമതും, 5,032 കാറുകളുമായി തൊട്ടുപിന്നില്‍ ഹ്യുണ്ടായിയുമാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവുമധികം പേര്‍ വാങ്ങിയ കാര്‍ മോഡല്‍ ഹ്യുണ്ടായ് Tuscon ആണ്. രണ്ട് മാസത്തിനിടെ ഈ മോഡലിന്റെ 2,478 രജിസ്‌ട്രേഷനുകളാണ് നടന്നത്. കിയയുടെ Sportage (1,671) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് സ്‌കോഡ Octavia ആണ് (1,644).
ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഇവി കാറുകള്‍ ഫോക്‌സ്‌വാഗന്റേതാണ് (849). അതേസമയം ഏറ്റവുമധികം വില്‍ക്കപ്പെട്ട ഇവി മോഡല്‍ ഹ്യുണ്ടായ് Kona-യും ആണ് (470).