ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും തുടരുന്ന അയര്‍ലണ്ടില്‍ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാജ്യത്തെ എല്ലാ കൗണ്ടികള്‍ക്കുമായി ഇന്ന് രാത്രി 8 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് ഞായറാഴ്ച രാവിലെ 9 മണി വരെ തുടരും.
മഞ്ഞുവീഴ്ച കാരണം റോഡ് യാത്ര തടസപ്പെടുകയും, റോഡിലും മറ്റും ഐസ് രൂപപ്പെടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫുട്പാത്തിലും ഐസ് രൂപപ്പെടുന്നത് കാരണം തെന്നി വീഴാന്‍ സാധ്യതയുണ്ട്.
ഇന്ന് (ശനി) പകല്‍ 4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ പരമാവധി താപനില ഉയരുകയുള്ളൂ. മഴയ്ക്കും അതുപോലെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. രാത്രിയില്‍ താപനില മൈനസ് 2 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും.
നാളെ (ഞായര്‍) രാവിലെയും തണുപ്പ് തുടരും. രാവിലെ കുറച്ച് നേരം മഴയും, മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടതിന് ശേഷം അവ ഒറ്റപ്പെടുകയും, മാനം തെളിയുകയും ചെയ്യും. 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി താപനില പ്രതീക്ഷിക്കുന്നത്. മിതമായ പടിഞ്ഞാറന്‍, വടക്ക്-പടിഞ്ഞാറന്‍ കാറ്റും വീശും. രാത്രിയില്‍ മൈനസ് 1-ലേയ്ക്ക് താപനില താഴും.