അബുദാബിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സര വിജയത്തിലൂടെ ചരിത്രം കുറിച്ച് അയര്‍ലണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ആരംഭിച്ച് എട്ടാം മത്സരത്തില്‍ തന്നെ ആദ്യ ടെസ്റ്റ് വിജയം എന്ന നേട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഐറിഷ് പട. 5 വര്‍ഷവും, 10 മാസവും, 20 ദിവസവും കൊണ്ട് എത്തിയ ആ നേട്ടത്തില്‍ അയര്‍ലണ്ട് മറികടന്നതാകട്ടെ ക്രിക്കറ്റ് ലോകത്തെ വമ്പന്‍മാരായ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെയും.
ടോളറന്‍സ് ഓവലില്‍ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിവസം 111 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് വെറും 4 വിക്കറ്റ് മത്സരത്തിന് ലക്ഷ്യത്തിലെത്തിയതോടെ, തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയവും കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരമായിരുന്നു ഇത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ തങ്ങളുടെ ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 263 റണ്‍സിനാണ് പുറത്തായത്. അഫിഗാനിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 218 റണ്‍സ് നേടി ഓള്‍ ഔട്ട് ആയപ്പോള്‍ 111 റണ്‍സ് വിജലക്ഷ്യമായി നിശ്ചയിക്കപ്പെട്ടു. വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ അയര്‍ലണ്ടിന് ലഭിച്ചത് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
വന്‍കിട ടീമുകളായ ഇന്ത്യ 25 മത്സരങ്ങള്‍ക്കും, ന്യൂസിലാന്റ് 45 മത്സരങ്ങള്‍ക്കും, ശ്രീലങ്ക 14 മത്സരങ്ങള്‍ക്കും ശേഷമാണ് ആദ്യ ടെസ്റ്റ് വിജയിക്കുന്നത് എന്ന കണക്കാണ് അയര്‍ലണ്ടിന് ആഘോഷത്തിന് വകയൊരുക്കുന്നത്. ഒന്നാം മത്സരത്തില്‍ തന്നെ വിജയിച്ച ഓസ്‌ട്രേലിയയാണ് ഇക്കാര്യത്തില്‍ വമ്പന്‍മാര്‍.