കോര്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്കും, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ യോഗം നടക്കുന്ന കെട്ടിടത്തിലേയ്ക്കും ട്രാക്ടറുകളുമായി എത്തി പ്രതിഷേധിച്ച് കര്‍ഷകര്‍. അറുപതിലധികം ട്രാക്ടറുകളുമായി എത്തിയാണ് ദി ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (IFA) നേതൃത്വത്തില്‍ 100-ലേറെ കര്‍ഷകര്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്.
കര്‍ഷകര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ തെറ്റാണെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. വിമാനയാത്രകള്‍ വര്‍ദ്ധിച്ചിരിക്കുന്നതിലൂടെ പുക പുറന്തള്ളല്‍ കൂടിയ കാലഘട്ടത്തില്‍, കൃഷിയില്‍ നിന്നുള്ള വാതകം പുറന്തള്ളല്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ എന്ന് IFA പറഞ്ഞു.
കാര്‍ഷികമേഖലയോട് മാത്രമാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ പറയുന്നതെന്നും IFA ദേശീയപരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായ ജോണ്‍ മര്‍ഫി ആരോപിച്ചു.
കര്‍ഷകര്‍ക്ക് മേലുള്ള നിയന്ത്രണങ്ങളില്‍ ശക്തമായ എതിര്‍പ്പ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ലിയോ വരദ്കറുമായുള്ള കൂടിക്കാഴ്ചയില്‍ IFA പ്രസിഡന്റ് ഫ്രാന്‍സീ ഗോര്‍മന്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ വരുമാനം കുറയുന്നതില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
കൃഷിയുടെ ചെലവ് വര്‍ദ്ധിച്ചത്, നൈട്രേറ്റ് പുറന്തള്ളല്‍ കുറയ്ക്കല്‍, വാറ്റ് റീഫണ്ട്, റസിഡന്‍ഷ്യല്‍ ലാന്‍ഡ് ടാക്‌സ്, വര്‍ക്ക് പെര്‍മിറ്റ് മുതലായവയെല്ലാം ചര്‍ച്ച ചെയ്തതായി പറഞ്ഞ ഗോര്‍മന്‍, നൈട്രേറ്റ് പുറന്തള്ളലില്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് താന്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതായും കൂട്ടിച്ചേര്‍ത്തിരുന്നു.