അയര്‍ലണ്ടിലെ ദേശീയ കടത്തില്‍ നേരിയ കുറവ്. രാജ്യത്തെ ഓരോ പൗരനും നിലവില്‍ 42,000 യൂറോയ്ക്ക് കടക്കാരനാണെന്നാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ള ദേശീയ കടം 223 ബില്യണ്‍ യൂറോ ആണെന്നും ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പറഞ്ഞു. 2021-ല്‍ ഇത് 236 ബില്യണ്‍ ആയിരുന്നു.
അതേസമയം വ്യക്തിഗത കടത്തില്‍ ചെറിയ കുറവ് വന്നെങ്കിലും, ഒരാള്‍ക്ക് 42,000 യൂറോ എന്നത് ലോകത്തിലെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്ന് തന്നെയാണ്. അയര്‍ലണ്ട് പോലുള്ള ഒരു ചെറിയ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ നിരക്ക് വളരെ വലുതാണ്. ജപ്പാന്‍, ബെല്‍ജിയം, ഇറ്റലി മുതലായവയാണ് വ്യക്തിഗത കടങ്ങള്‍ ഏറിയ രാജ്യങ്ങള്‍.
കോര്‍പ്പറേഷന്‍ ടാക്‌സിനെ അമിതമായി ആശ്രയിക്കുന്നത് അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് ധനകാര്യവകുപ്പിലെ ചീഫ് എക്കണോമിസ്റ്റായ ജോണ്‍ മക്കാര്‍ത്തി പറയുന്നത്. പ്രധാനമായും 10 കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നുമാണ് ഐറിഷ് ഖജനാവിലേയ്ക്ക് ടാക്‌സ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 23.8 ബില്യണ്‍ യൂറോ കോര്‍പ്പറേഷന്‍ ടാക്‌സില്‍ പകുതിയും കമ്പനികള്‍ക്ക് അധികവരുമാനം ഉണ്ടായതിനാല്‍ മാത്രം ലഭിച്ചതുമാണ്. ഈ കോര്‍പ്പറേറ്റ് ടാക്‌സില്‍ കുറവുണ്ടായാല്‍ അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആകെ താളം തെറ്റിക്കും. അങ്ങനെയുണ്ടായാല്‍ 2035-ഓടെ ദേശീയ കടം 15% വര്‍ദ്ധിക്കുകയും ചെയ്യും.
കൃത്യമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ ഭാവിയില്‍ ദേശീയകടം വലിയ വിപത്തായി മാറുമെന്ന മുന്നറിയിപ്പും ജോണ്‍ മക്കാര്‍ത്തി നല്‍കുന്നുണ്ട്. നിലവില്‍ കടം കൈകാര്യം ചെയ്യാവുന്ന നിലയിലാണെങ്കിലും ഭാവിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. നിലവിലെ ദേശീയ കടം (gross debt) ദേശീയ വരുമാനത്തിന്റെ (Gross National Income) 76% ആണ്.
എന്നിരുന്നാലും 2024 ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട Future Ireland Fund, Infrastructure, Climate and Nature Fund എന്നിവ ഈ അപകടത്തെ തരണം ചെയ്യാന്‍ സഹായകമാണെന്നും മക്കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.