ഗാസയില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന പലസ്തീനി ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പിന്തുണയറിയിച്ച് ഡബ്ലിനിലെ ഇസ്രായേലി എംബസിക്ക് മുമ്പില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെയാണ് ചെറിയൊരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്.
ഗാസയിലെ ആരോഗ്യമേഖല തകര്‍പ്പെടുകയാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ഡബ്ലിനിലെ ജനറല്‍ പ്രാക്ടീഷണറായ ഡോ. ഏഞ്ചല സ്‌കൂസ് പറഞ്ഞു. ഇവര്‍ക്കൊപ്പം എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ്, ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, പെയിന്‍ സ്‌പെഷലിസ്റ്റ് മുതലായവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഗാസയിലെ ദി നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടെ വൈദ്യുതിയോ, വെള്ളമോ, ഓക്‌സിജനോ, ഭക്ഷണമോ ഇല്ലാത്ത അവസ്ഥയാണെന്നും സ്‌കൂസ് പറഞ്ഞു. ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് കണ്ടിട്ടുള്ള തങ്ങള്‍ക്ക്, നാസര്‍ ആശുപത്രിയിലെ സ്ഥിതി എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ച് ഭയം തോന്നുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികള്‍ക്ക് ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ട്രോമ ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുതിര്‍ന്നാലും അതിന്റെ ഭീകരത അവരുടെ മനസിനെ വിട്ട് പോകില്ല.
ശനിയാഴ്ചയും 1,000-ധികം ആളുകള്‍ പങ്കെടുത്ത് ഡബ്ലിനിലെ Garden of Remembrance-ല്‍ നിന്നും വിദേശകാര്യമന്ത്രാലയം ഓഫിസിലേയ്ക്ക് പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെ പൊതുമുതല്‍ നിശിപ്പിച്ചെന്ന കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള ദി നാസര്‍ ആശുപത്രി റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈന്യം 100 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരുമായി 120 പേരെങ്കിലും വെള്ളം പോലുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായാണ് ഹമാസ് പറയുന്നത്. അതേസമയം ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.