അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതാണ് രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന ചിന്ത തെറ്റാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഈ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ലഭ്യമല്ലെന്നും Newstalk-ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവിടെ താമസിക്കാന്‍ അനുവദിക്കുന്നതെന്ന് പറഞ്ഞ മക്കന്റീ, പലരും എത്തുന്ന ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണെന്നും, അത് സര്‍ക്കാരിന് അറിയാത്തതാണെന്നുമുള്ള വാദം തള്ളിക്കളയുകയും ചെയ്തു.
രാജ്യത്തേയ്‌ക്കെത്തുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഇത്തരം തെറ്റായ ധാരണകള്‍ വച്ചു പുലര്‍ത്തരുതെന്ന് പറഞ്ഞ മക്കന്റീ, പലരും യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് അഭയം തേടി വരുന്നവരാണെന്നും, അവരെ സംരക്ഷിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം അഭയം തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് അവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ വെല്ലുവിളിയാകുന്നുണ്ടെന്ന് മക്കന്റീ പറഞ്ഞു.
ഈയിടെയായി രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ കെട്ടിടങ്ങള്‍ത്ത് തീവെച്ച സംഭവങ്ങളില്‍ ഗാര്‍ഡയുടെ അന്വേഷണം തൃപ്തികരമാണെന്നും മക്കന്റീ പ്രതികരിച്ചു. ഇതുവരെ 12 പേരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായും, തീവെക്കുക എന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകളില്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. പ്രതിഷേധത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാക്കിയാല്‍ 10 വര്‍ഷം വരെയും തടവ് ലഭിക്കും- മന്ത്രി വ്യക്തമാക്കി.