ഡബ്ലിനില്‍ മുസ്ലിം പണ്ഡിതന്‍ വിദ്വേഷ അക്രമത്തിന് ഇരയായതായുള്ള പരാതിയില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് Tallaght-യില്‍ വച്ച് ഐറിഷ് മുസ്ലിം കൗണ്‍സില്‍ സ്ഥാപകനും, മേധാവിയുമായ ഷെയ്ഖ് ഡോ. ഉമര്‍ അല്‍-ഖാദ്രിക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സിടി സ്‌കാന്‍ നടത്തേണ്ടിയും വന്നു.
അതേസമയം പരിശോധനയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും ആക്രമണത്തില്‍ ഇടത് കവിളിന് ക്ഷതമേറ്റ് നീര് വച്ചിരുന്നു. മുന്‍നിരയിലെ പല്ലിനും പരിക്കേറ്റു.
ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് സംശയിക്കുന്നതായി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അല്‍-ഖാദ്രി പറഞ്ഞിരുന്നു. ഒരു കൂടിക്കാഴ്ചയ്ക്കായാണ് അദ്ദേഹം Tallaght-യില്‍ എത്തിയിരുന്നത്.
ആക്രമണത്തിന് ശേഷം ബോധം പോയ തനിക്ക് നല്ലവരായ പ്രദേശവാസികളും, ഗാര്‍ഡയും സഹായം നല്‍കിയതായും, ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 21 വര്‍ഷമായി അയര്‍ലണ്ടില്‍ ജീവിക്കുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്നും അല്‍-ഖാദ്രി പറഞ്ഞു. അതേസമയം ഇക്കാരണത്താല്‍ അയര്‍ലണ്ട് മോശം സ്ഥലമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐറിഷുകാരായ ഒരു സ്ത്രീയും അവരുടെ പങ്കാളിയായ പുരുഷനുമാണ് തന്നെ സഹായിച്ചതെന്ന് പറഞ്ഞ അല്‍-ഖാദ്രി അവര്‍ക്ക് നന്ദി അറിയിച്ചു.