മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളായ 18 വയസുകാരെ കൂടി ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് ഇന്നലെ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും, പദ്ധതി നടപ്പിലാക്കാനായി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.
2024 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി സെപ്റ്റംബര്‍ മാസം മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ മെയ് മാസത്തോടെ പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് ഒരുക്കമാണെന്നാണ് മന്ത്രി ഹംഫ്രിസ് മന്ത്രിസഭയെ അറിയിച്ചത്.
രാജ്യത്ത് ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ ഇടത്തരം കുടുംബങ്ങളെ സഹായിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് 18 വയസുകാരായ മുഴുവന്‍ സമയ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഏറെയുണ്ടെന്നും, 60,000-ഓളം കുട്ടികള്‍ക്ക് പദ്ധതി ഉപകാരപ്രദമാകുമെന്നുമാണ് വിലയിരുത്തല്‍. മാസം 140 യൂറോ ആണ് സഹായമായി ലഭിക്കുക. കുട്ടിക്ക് 19 വയസ് തികയും വരെ സഹായം ലഭിക്കും.
മുഴുവൻ സമയ വിദ്യാത്ഥികളല്ലെങ്കിലും ഭിന്നശേഷിയുള്ള കുട്ടികൾക്കും ഈ സഹായം ലഭിക്കും.