മനസ്സിലെപ്പോഴും ഫുൾ മൂവിയുടെ ആദ്യ ടിക്കറ്റ് അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.
സിറ്റിവെസ്റ്റ് മൂവി ക്ലബ് അംഗങ്ങളായ എൽദോ ജോൺ, റോബിൻസ് പുന്നക്കാല, ബോണി ഏലിയാസ് , ഡാനി ജിയോ ഡേവ്, സുജിത്ത് ചന്ദ്രൻ , പാർവ്വതി, കാഞ്ഞിരപ്പള്ളി ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒരു പതിറ്റാണ്ടിനു ശേഷം പ്രവാസലോകത്തു നിന്നും അയർലണ്ട് മലയാളികളുടെ ജീവിതയാത്ര, പ്രണയം, വൈകാരിക, സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ “മനസ്സിലെപ്പോഴും” മാർച്ച് 15-ന് വൈകിട്ട് 6.30-ന് സയന്റോളജി കമ്മ്യൂണിറ്റി സെന്റർ ഫിർഹൗസിന്റെ വെള്ളിത്തിരയിൽ പ്രീമിയർ ഷോയ്ക്ക് തയാറായിരിക്കുന്നു.
സിറ്റിവെസ്റ്റ് മൂവി ക്ലബ്ബിന്റെ ബാനറിൽ നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാളികളും മറ്റു രാജ്യക്കാരുമടക്കം എൺപത്തേഴോളം കലാകാരൻമാരും കലാകാരികളും അഭിനയിക്കുന്നു. അയർലണ്ട്, യു.കെ അടക്കം കുടുംബ ജീവിതങ്ങളിലെ എല്ലാത്തരം മേഖലയിലേക്കും ചിത്രം കടന്നെത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ ശില്പികൾ അറിയിച്ചു. ഏതു രാജ്യത്തായാലും പ്രവാസത്തിന്റെ പുതിയ കുടിയേറ്റ മേഖലയിലുള്ളവർക്ക് ഇഷ്ടമാകുന്നതരത്തിലാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സംവിധായകന്റെ തന്നെ വരികൾക്ക് സെബി നായരമ്പലം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്യാം ഈസാദ്, സന്തോഷ് ഞാറക്കൽ, ഗണേഷ് സുന്ദരം, രമേഷ് മുരളി, സിജി എന്നിവര്‍ ചേര്‍ന്നാണ്. അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗിയും ഗാനങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട്.
മുമ്പ് മറ്റു പല സിനിമകളും അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുനീള കൊമേഷ്യല്‍ മലയാളം ചിത്രം സൈന്റോളജിയിൽ റിലീസിനൊരുങ്ങുന്നത്. ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല.
ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു. ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളായിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയുടെ ടിക്കറ്റ് നിരക്കുകൾ മുതിർന്നവർക്ക് 7 യൂറോയും മൂന്നു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 5 യൂറോയുമാണ്.
ടിക്കറ്റുകൾക്ക് ചുവടെയുള്ള നമ്പറുകളിൽ വിളിക്കുകയോ “TICKETS” എന്ന് WhatsApp അല്ലെങ്കിൽ SMS ചെയ്യുകയോ ചെയ്യാം. എല്ലാത്തരം കലകളെയും കലാകാരേയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളി മനസ്സുകളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
എൽദോ ജോൺ 0894126421
ഷിജിമോൻ 0894575000
സുജിത്ത് 0892530086
City West Movie Club Dublin