പോയ മാസം അയര്‍ലണ്ടില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ മൂന്നില്‍ ഒന്നും സംഭാവന ചെയ്തത് വിന്‍ഡ് മില്ലുകള്‍ അഥവാ കാറ്റാടി യന്ത്രങ്ങള്‍. ജനുവരിയില്‍ ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 36 ശതമാനവും വിന്‍ഡ് മില്ലുകളില്‍ നിന്നാണ് ലഭ്യമായതെന്ന് Wind Energy Ireland പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തിലെ വിന്‍ഡ് മില്‍ വൈദ്യുതോല്‍പ്പാദനം ഇതുവരെയുള്ള റെക്കോര്‍ഡുകളില്‍ ഒന്നുമാണ്.
രാജ്യത്ത് കഴിഞ്ഞ മാസം വൈദ്യുതിയുടെ ആവശ്യത്തിന് നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 3,831 ജിഗാവാട്ട് ഹവേഴ്‌സ് ആണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 1,379 ജിഗാവാട്ട് ഹവേഴ്‌സും വിന്‍ഡ് ഫാമുകളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിച്ചത്.
അതേസമയം രാജ്യത്തെ ഹോള്‍സെയില്‍ ഇലക്ട്രിസിറ്റിയുടെ ശരാശരി വിലയില്‍ കുറവ് സംഭവിച്ചിട്ടുമുണ്ട്. ജനുവരി മാസത്തില്‍ 99.90 യൂറോ ആണ് ശരാശരി വില രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഇത് 162.16 യൂറോ ആയിരുന്നു.
വിന്‍ഡ് മില്ലുകളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനം സാധ്യമായത് അയര്‍ലണ്ടിന്റെ സീറോ എമിഷന്‍ ലക്ഷ്യത്തിന് വലിയ പ്രതീക്ഷയാണ്.