അയര്‍ലണ്ടില്‍ വീണ്ടും അതിശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം സ്‌നോ വാണിങ് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒപ്പം വ്യാപകമായി ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ Clare, Tipperary, Galway, Laois, Offaly, Westmeath എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നിലവില്‍ വരും. ഇവിടങ്ങളില്‍ മഴ പെയ്യുകയും അത് പിന്നീട് ആലിപ്പഴം വീഴ്ചയിലേയ്ക്ക് എത്തുകയും ചെയ്യും.
പുലര്‍ച്ചെ 5 മുതല്‍ രാത്രി 8 മണി വരെ Cavan, Donegal, Monaghan, Leitrim, Mayo, Roscommon, Sligo, Longford എന്നിവിടങ്ങളിലും സമാനമായ മുന്നറിയിപ്പ് നിലവില്‍ വരും. ഇവിടെയും മഴയ്ക്ക് പിന്നാലെ ആലിപ്പഴം വീഴ്ചയ്ക്ക് സാധ്യതയുണ്ട്.
മുന്നറിയിപ്പ് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ റോഡിലെ കാഴ്ച ദുഷ്‌കരമാകുമെന്നതിനാല്‍ ഗതാഗത തടസ്സം അനുഭവപ്പെടും. വാഹനങ്ങള്‍ വേഗത കുറച്ച് മാത്രം ഓടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകടങ്ങള്‍ ഒഴിവാക്കാനായി ടയറിന്റെ ഗ്രിപ്പ്, എയര്‍ കണ്ടീഷന്‍ എന്നിവയും, ലൈറ്റുകളും പരിശോധിച്ച് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ഇവയ്ക്ക് പുറമെ Carlow, Dublin, Kildare, Louth, Meath, Wexford, Wicklow എന്നിവിടങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 5 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് മുന്നറിയിപ്പ്.