ഡബ്ലിനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധവും, കുടിയേറ്റത്തെ പിന്തുണച്ചുള്ള പ്രതിഷേധവും ഒരേദിവസം. Garden of Remebrance-ല്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കടുത്ത ഗാര്‍ഡ സാന്നിദ്ധ്യത്തിലാണ് കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധപ്രകടനം ആരംഭിച്ചത്. 1,000-ഓളം പേരടങ്ങിയ പ്രതിഷേധക്കാര്‍ ഇവിടെ നിന്നും O’Connell Street വഴി Customs House-ലേയ്ക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ച 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു.
അതേസമയം ഈ പ്രതിഷേധത്തിന് ബദലായി United Against Racism എന്ന പേരില്‍ മറ്റൊരു പ്രതിഷേധപ്രകടനവും ഇന്നലെ ഡബ്ലിനില്‍ നടന്നു. നൂറോളം പേർ പങ്കെടുത്ത പരിപാടി Spire-ലാണ് നടന്നത്. ഇവിടെയും ശക്തമായ ഗാര്‍ഡ നിരീക്ഷണമുണ്ടായിരുന്നു. People Before Profit TD ആയ Richard Boyd-Barrett പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രണ്ട് പ്രതിഷേധക്കാരും മുഖാമുഖം മാര്‍ച്ച് ചെയ്തപ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഗാര്‍ഡ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. 300-ഓളം പേരടങ്ങുന്ന ഗാർഡ സേനയാണ് തലസ്ഥാനത്ത് പ്രതിരോധം തീർത്തത്.
ഗതാഗതവും, ലുവാസ് റെഡ്, ഗ്രീന്‍ സര്‍വീസും പ്രതിഷേധങ്ങള്‍ കാരണം വൈകി.