ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബസുകളില്‍ സീറ്റ് ഉറപ്പാക്കാനുള്ള പദ്ധതിയുമായി എയര്‍പോര്‍ട്ട് അധികൃതര്‍. എയര്‍പോര്‍ട്ടിലെത്താനായി കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും പുതിയ സ്റ്റോപ്പുകള്‍ സ്ഥാപിക്കാനും daa തയ്യാറെടുക്കുന്നത്. അടുത്ത മാസം മുതല്‍ പദ്ധതിക്ക് ആരംഭമാകുമെന്നും 2025-ഓടെ എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന ബസുകളില്‍ കയറുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2025-ഓടെ ആകെ 35 മില്യണ്‍ സീറ്റുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. പോയ വര്‍ഷം ഇത് 900 ആയിരുന്നു. 2025-ഓടെ 1,200 ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തും. അടുത്ത മാസത്തോടെ എയര്‍പോര്‍ട്ട് ക്യാംപസില്‍ കൂടുതല്‍ സ്റ്റോപ്പുകളും സ്ഥാപിക്കും.
നിലവില്‍ ഐറിഷ് ദ്വീപിലെ 32 കൗണ്ടികളില്‍ നിന്നും എര്‍പോര്‍ട്ടിലേയ്ക്കും തിരിച്ചും Dublin Express, Aircoach, Citylink, Wexford Bus, Bus Éireann, Expressway, Flightlink എന്നീ കമ്പനികളുടെ ബസുകളും, ഇവയ്ക്ക് പുറമെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (NTA) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍പോര്‍ട്ടിലെത്താനായി യാത്രക്കാരില്‍ മൂന്നില്‍ ഒന്നും, ഇവര്‍ക്ക് പുറമെ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 19,900 പേരും ബസുകളാണ് ആശ്രയിക്കുന്നത്.