വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ് വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്.
സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ നിന്നും ഇരമ്പിയെത്തിയ സംഗീത പ്രേമികൾ കൂടെപ്പാടിയും ആർത്ത് വിളിച്ചും നൃത്തമാടിയും സംഗീതാസ്വാദനം പലതലത്തിൽ അനുഭവവേദ്യമാക്കി.
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് അനൂപ് ജോൺ സ്വാഗതവും, മീഡിയ കൺവീനർ ഷാജു ജോസ് കൃതജ്ഞതയും അറിയിച്ചു.
ആവേശം അലകടലായി മാറിയ മസാല കോഫിയുടെ മാന്ത്രിക സംഗീത പരിപാടി അവസാനിക്കുമ്പോഴും പ്രായ ഭേദമന്യേ കാണികളെല്ലാവരും ‘വീണ്ടും… വീണ്ടും…’ എന്ന് ആർത്തു വിളിക്കുന്നുണ്ടായിരുന്നു
വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പ്രവർത്തന പന്ഥാവിലെ മറ്റൊരു പൊൻതൂവൽ കൂടിയായി മസാല കോഫി സംഗീതനിശയുടെ വിജയം. മ്യൂസിക് നൈറ്റ് ആവേശത്തോടെ നെഞ്ചേറ്റിയ മുഴുവൻ സംഗീത പ്രേമികളോടും അസോസിയേഷൻറെ കമ്മിറ്റി സ്നേഹനിർഭരമായ നന്ദി അറിയിച്ചു.