ഒരാഴ്ചയോളം നീണ്ട മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് (തിങ്കള്‍) ആകാശം മേഘാവൃതമായിരിക്കുകയും, ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് വൈകുന്നേരത്തോടെ മഴ ശക്തമാകും. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ Ulster, Connachy, north Leinster എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും.
ചൊവ്വാഴ്ച മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും, പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വൈകുന്നേരത്തോടെ മാനം തെളിയും. പകല്‍ 3 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. അതേസമയം രാത്രിയില്‍ മൈനസ് 2 വരെ താപനില താഴ്‌ന്നേക്കും.
ചൊവ്വാഴ്ച രാത്രിയിലെ തണുപ്പിന്റെ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെയും ശൈത്യമനുഭവപ്പെടും. പിന്നീട് ആകാശം മേഘം മൂടുകയും, ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്യും. 4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ വീണ്ടും മൈനസ് 2-ലേയ്ക്ക് താപനില കുറയും.
വ്യാഴാഴ്ചയോടെ മഴ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് ചുരുങ്ങും. തെക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ മാത്രമാകും പെയ്യുക. അതേസമയം വടക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുറയാനും സാധ്യതയുണ്ട്. 0 മുതല്‍ 4 ഡിഗ്രി വരെയാകും പരമാവധി താപനില.
വെള്ളിയാഴ്ച മഴയും, മഞ്ഞും കൂടിക്കലര്‍ന്ന കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുകയെന്നും, 3 മുതല്‍ 7 ഡിഗ്രി വരെ താപനില ഉയരാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.