രാജ്യത്ത് അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കെട്ടിടത്തിന് വീണ്ടും തീവെച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് കൗണ്ടി ഡബ്ലിനിലെ Brittas-ലെ Crooksling-ല്‍ അഗ്നിരക്ഷാസേന എത്തി തീയണച്ചത്. മുമ്പ് ഒരു നഴ്‌സിങ് ഹോം ആണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി കെട്ടിടം വിട്ടുനില്‍കുന്നുവെന്ന് വാര്‍ത്ത പരന്നതോടെ ഇവിടെ ഈയിടെയായി നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും താമസിപ്പിക്കാന്‍ ഒരുക്കുന്ന കെട്ടിടങ്ങള്‍ക്ക് അജ്ഞാതര്‍ തീവെയ്ക്കുന്നത് തുടരുന്നതിനിടെ അവയില്‍ ഏറ്റവും പുതിയതാണ് ഇന്നലത്തേത്. രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ തീവ്രവലതുപക്ഷ വാദികള്‍ പ്രതിഷേധവും അധിക്ഷേപവും നടത്തുന്നത് വര്‍ദ്ധിച്ചുവരുന്നതായും സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറില്‍ കൗണ്ടി ഗോള്‍വേയിലെ Rosscahill-ലുള്ള Ross Lake House hotel-നും അജ്ഞാതര്‍ തീവെച്ചിരുന്നു. ഇവിടെയും അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി അധികൃതര്‍ തയ്യാറെടുക്കുകയായിരുന്നു. തീവെപ്പ് നടന്ന അന്ന് വൈകുന്നേരം കെട്ടിടം അഭയാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
നവംബറില്‍ കൗണ്ടി ഡോണഗലിലെ Buncrana-യിലും അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഒരു കെട്ടിടത്തിന് തീപിടിച്ചിരുന്നു. എന്നാല്‍ ഇത് ഒരു അപകടമായിരുന്നുവെന്ന് കരുതുന്നതായി ഗാര്‍ഡ അന്ന് പറഞ്ഞിരുന്നു.
അതേസമയം അഭയാര്‍ത്ഥികള്‍ക്കായുള്ള കെട്ടിടങ്ങള്‍ തുടര്‍ച്ചയായി അഗ്നിക്കിരയാക്കുന്നതില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് പറഞ്ഞ വരദ്കര്‍, 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ഓര്‍മ്മിപ്പിച്ചു.
Brittas-ലെ സംഭവത്തില്‍ മുതര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.