അയര്‍ലണ്ടിലെ 13 ലക്ഷം പേര്‍ക്ക് ഈയാഴ്ച ഡബിള്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ലഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനമാണ് ഈയാഴ്ച നടപ്പാക്കുന്നത്.
പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, സിംഗിള്‍ പാരന്റ്‌സ്, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ അര്‍ഹരായവര്‍ക്ക് 342 മില്യണ്‍ യൂറോയാണ് വെല്‍ഫെയര്‍ പേയ്‌മെന്റിനായി വകയിരുത്തിയിട്ടുള്ളത്. കോസ്റ്റ് ഓഫ് ലിവിങ്ങുമായി ബന്ധപ്പെട്ട് 2024 ബജറ്റിലെ ഒമ്പതാമത്തെ ലംപ്‌സം പേയ്‌മെന്റാണിത്.
കഴിഞ്ഞ 12 വര്‍ഷമായി ജോബ് സീക്കേഴ്‌സ് അലവന്‍സിലുള്ളവര്‍ക്കും ഈ സഹായം ലഭിക്കും.
ക്രിസ്മസ് കാലത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമാകും ഈയാഴ്ചത്തെ ഡബിള്‍ പേയ്‌മെന്റ് എന്ന് സമൂഹികക്ഷേമ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞു.
ലംപ്‌സം പേയ്‌മെന്റുകള്‍ക്ക് പുറമെ രാജ്യത്ത് നല്‍കിവരുന്ന നിരവധി ക്ഷേമധനങ്ങളില്‍ ജനുവരി മുതല്‍ 12 യൂറോയുടെ വര്‍ദ്ധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഈ വര്‍ദ്ധനകള്‍ നിലവില്‍ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിപക്ഷവും, വിവിധ ചാരിറ്റി സംഘടനകളും നേരത്തെ വിമര്‍ശിച്ചിരുന്നു.