അയര്‍ലണ്ടിലെ പാലകപുണ്യവാളരില് ഒരാളായ Saint Brigid-ന്റെ വസ്ത്രത്തിന്റെ തിരുശേഷിപ്പ് 1,000-ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വദേശമായ കില്‍ഡെയറില്‍ തിരികെയെത്തി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന പ്രത്യേക കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിലും നിരവധി പേരാണ് സന്നിഹിതരായത്. സെന്റ് ബ്രിജിഡിന്റെ 1,500-ആമത് ചരമവാര്‍ഷികമാണ് ഈ വര്‍ഷം എന്നാണ് കരുതപ്പെടുന്നത്.
മരണശേഷം കില്‍ഡെയറിലെ മൊണാസ്റ്റിക് ചര്‍ച്ചിന്റെ പ്രധാന അള്‍ത്താരയ്ക്ക് സമീപമായിരുന്നു ബ്രിജിഡിന്റെ ശവകുടീരം. എന്നാല്‍ 300 വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ വൈക്കിങ്ങുകള്‍ നാശം വിതയ്ക്കാന്‍ ആരംഭിച്ചതോടെ തിരുശേഷിപ്പുകള്‍ ഇവിടെ നിന്നും വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് മാറ്റുകയും, അവിടെ സെന്റ് പാട്രിക്കിന്റെയും, സെന്റ് കൊളംബയുടെയും ശവകുടീരങ്ങളോടൊപ്പം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ ഈ കല്ലറകളുടെയെല്ലാം സ്ഥാനം എവിടെയെന്ന് പിന്നീട് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
ക്രിസ്ത്യന്‍ ചരിത്ര പ്രകാരം 1185-ല്‍ Bishop of Down-ന്റെ പ്രാര്‍ത്ഥനയുടെ ഫലമായി മൂന്ന് വിശുദ്ധരുടെയും കല്ലറ സ്ഥിതി ചെയ്യുന്ന പ്രദേശം വെളിപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. കാലങ്ങള്‍ക്ക് ശേഷം ഇവിടം ഹെന്റി മൂന്നാമന് രാജാവിന്റെ അനുയായിയായ ലോര്‍ഡ് ലിയോനാര്‍ഡ് ഗ്രേ തകര്‍ത്തു. എന്നാല്‍ വസ്ത്രത്തിന്റെ ശേഷിപ്പുകള്‍ കണ്ടെടുക്കുകയും, അത് പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള ഒരു ചെറിയ പട്ടണമായ ലൂമിനാറിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.
ഈ വസ്ത്രത്തിന്റെ ഒരു ഭാഗം 1930-ല്‍ കൗണ്ടി കാര്‍ലോയിലെ Tullow-യിലുള്ള Brigidine Sisters തിരികെ അയര്‍ലണ്ടിലേയ്ക്ക് എത്തിച്ചിരുന്നു. ഇതാണ് ഞായറാഴ്ച കില്‍ഡെയറിലെ St Brigid’s parish church-ലേയ്ക്ക് കൊണ്ടുവന്നത്. ഇവിടെ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത അള്‍ത്താരയിലേയ്ക്ക് ശേഷിപ്പ് മാറ്റാനാണ് തീരുമാനം.
ഫെബ്രുവരി 1-ന് രാജ്യം സെന്റ് ബ്രിജിഡ് ഡേ ആഘോഷിക്കുന്നതിന് മുന്നോടിയായാണ് വിശുദ്ധയുടെ തിരുശേഷിപ്പ് അവരുടെ ജന്മനാട്ടിലേയ്ക്ക് എത്തിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് സെന്റ് ബ്രിജിഡിന്റെ പേരില്‍ ദേശീയ അവധിദിനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സെന്റ് ബ്രിജിഡ്സ് ഡേയ്ക്ക് ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ചയാണ് ഈ അവധി.