യു.കെയില്‍ കുട്ടികളെ ബാധിക്കുന്ന മീസില്‍സ് പനി വ്യാപകമായതിന് പിന്നാലെ അയര്‍ണ്ടിലും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. Measles, mumps, rubella എന്നിവയ്ക്ക് എതിരായി ഗുണം ചെയ്യുന്ന MMR വാക്‌സിന്‍ തങ്ങളുടെ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
യു.കെയില്‍ ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നത് കുറഞ്ഞതോടെയാണ് പനി ബാധിക്കുന്നത് വര്‍ദ്ധിച്ചത്. അതിനാല്‍ പനിയില്‍ നിന്നും ഏറ്റവും സംരക്ഷണം നല്‍കാന്‍ സാധിക്കുക വാക്‌സിനാണ്.
പനി ആണെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മീസില്‍സ്. വാക്‌സിന്‍ എടുക്കാത്തവരിലേയ്ക്ക് വളരെ വേഗത്തില്‍ രോഗം പടരുകയും ചെയ്യുന്നു. മെനിഞ്ചൈറ്റിസ്, കേള്‍വി ശക്തി നഷ്ടമാകല്‍, ഗര്‍ഭസമയത്തെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം measles, mumps, rubella എന്നിവ കാരണമായേക്കാം.
യൂറോപ്പില്‍ മീസില്‍സ് കേസുകള്‍ 4,500% വര്‍ദ്ധിച്ചതായാണ് ചൊവ്വാഴ്ച WHO പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.