അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിനും, വൈദ്യുതിക്കും വിലക്കുറവ് പ്രഖ്യാപിച്ച് മറ്റൊരു കമ്പനിയും. മാര്‍ച്ച് 1 മുതല്‍ വൈദ്യുതിക്ക് 7.5%, ഗ്യാസിന് 5% എന്നിങ്ങനെ വിലയില്‍ കുറവ് വരുത്തുമെന്നാണ് ഊര്‍ജ്ജവിതരണ കമ്പനിയായ Energia അറിയിച്ചിരിക്കുന്നത്.
ഇതോടെ വൈദ്യുതി ബില്ലില്‍ ശരാശരി 105 യൂറോയും, ഗ്യാസ് ബില്ലില്‍ ശരാശരി 65 യൂറോയും വര്‍ഷത്തില്‍ ലാഭം കിട്ടുമെന്ന് Energia പറഞ്ഞു. ഏകദേശം മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് സഹായകമാകും.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യപിക്കുന്നത്. ഒക്ടോബറില്‍ വൈദ്യുതിക്ക് 15%, ഗ്യാസിന് 20% എന്നിങ്ങനെയായിരുന്നു വില കുറച്ചത്.
രാജ്യത്തെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികളായ Bord Gais-ഉം ഈയിടെ വൈദ്യുതി, ഗ്യാസ് വില കുറച്ചിരുന്നു.