അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി.

ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 ആയിരുന്നു. 2012 മുതല്‍ അയര്‍ലണ്ട് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

ക്ലോറിന്‍ ഉപയോഗിച്ച് ജലശുദ്ധീകരണം നടത്തുന്ന പ്ലാന്റിലും മറ്റുമാണ് സാധാരണയായി THMs കാണപ്പെടുന്നത്. മണ്ണ്, ചീഞ്ഞുതുടങ്ങുന്ന ചെടികള്‍, ക്ലോറിന്‍ എന്നിവ കൂടിച്ചേരുമ്പോഴാണ് ഈ രാസവസ്തു ഉണ്ടാകുന്നത്. കരള്‍, വൃക്ക രോഗങ്ങള്‍, നാഡീവ്യവസ്ഥ സംബന്ധിച്ച അസുഖങ്ങള്‍, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍, കോളന്‍ കാന്‍സര്‍ മുതലായ ഗുരുതര അസുഖങ്ങള്‍ക്ക് THMs കാരണമാകും. ദഹനപ്രശ്‌നങ്ങള്‍, ത്വക്കിലെ ചൊറിച്ചില്‍ എന്നിവയും ഇത് കാരണം ഉണ്ടാകാം.

അയര്‍ലണ്ടിലെ 21 പൊതുജലവിതരണ സംവിധാനങ്ങളിലും, ഒമ്പത് സ്വകാര്യ ജലവിതരണ സംവിധാനങ്ങളിലും THMs-ന്റെ അളവ് അപകടകരമായ രീതിയില്‍ ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. Kilkenny city; Bray, Co Wicklow; Schull, Co Cork; Ring, Co Waterford; Glenties, Co Donegal; Greystones, Co Wicklow; Granard, Co Longford എന്നീ പൊതുജലവിതരണ സംവിധാനങ്ങള്‍ ഇതില്‍ പെടും.

17 വര്‍ഷങ്ങളായി ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും ഐറിഷ് സര്‍ക്കാരുകള്‍ വേണ്ട നടപടികളൊന്നും കൈക്കൊണ്ടില്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് CJEU നടത്തിയിരിക്കുന്നത്. 5 ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ആരോഗ്യത്തെയാണ് ഇതുവഴി അധികൃതര്‍ അപകടത്തിലാക്കിയത്.

2015 മെയ് മാസത്തിലാണ് ഈ അപകടം ചൂണ്ടിക്കാട്ടി യൂറോപ്യന്‍ കമ്മിഷന്‍ ആദ്യമായി ഐറിഷ് സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. പിന്നീട് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ 2020 സെപ്റ്റംബറിലും, 2021 ജൂണിലും നല്‍കിയ വിശദീകരണള്‍ തൃപ്തികരമല്ലെന്നും, കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദങ്ങളില്‍ കഴമ്പില്ലെന്നും CJEU വ്യക്തമാക്കി. THMs-ന്റെ അളവ് നിയന്ത്രിക്കാനായി വലിയ തുക ചെലവിട്ടും, സമയമെടുത്തും പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന വാദങ്ങളിലൊന്ന്.

വിധി നടന്നതോടെ അയര്‍ലണ്ട് യൂറോപ്യന്‍ കമ്മിഷന് കേസ് നടത്തിപ്പ് ചെലവ് നല്‍കണം. മാത്രമല്ല പ്രശ്‌നത്തില്‍ സമയബന്ധിതമായി നടപടിയെടുത്തില്ലെങ്കില്‍ തുടര്‍ന്നും പിഴ ചുമത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: