അയര്‍ലണ്ടില്‍ ഞായറാഴ്ച വീശിയടിച്ച ഇഷ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടര്‍ന്ന് അധികൃതര്‍ തുടരുകയാണ്. മണിക്കൂറില്‍ 137 കി.മീ വരെ വേഗതയിലാണ് കാറ്റ് വീശിയത്. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടത് ഇതുവരെ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഡോണഗല്‍, സ്ലൈഗോ, മേയോ, ലെയ്ട്രിം, കാവന്‍ തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം കാര്യമായും തടസപ്പെട്ടത്.
രാജ്യത്തെ 93,000 വീടുകളില്‍ കറന്റ് ഇല്ലെന്നാണ് തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ESB സ്ഥിരീകരിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് 155,000 വീടുകളിലായിരുന്നു വൈദ്യുതി വിതരണം തടസപ്പെട്ടത്. രാവിലെ ഇത് 235,000 ആയിരുന്നു.
അതേസമയം ഇഷയ്ക്ക് പിന്നാലെ മറ്റൊരു കൊടുങ്കാറ്റായ ജോസെലിന്‍ എത്തുന്നതോടെ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വൈകിയേക്കുമെന്ന് ESB പറഞ്ഞു. നിലവില്‍ ഹെലികോപ്റ്ററുകളുപയോഗിച്ച് നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണ് ESB.
രാജ്യത്ത് പലയിടത്തും കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണെങ്കിലും വലിയ ദുരന്തങ്ങള്‍ ഒഴിവായി. ഡബ്ലിന്‍ എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാത്രി ബസിന് മുകളിലേയ്ക്ക് മരം മറിഞ്ഞുവീണ് ഡ്രൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.