അയര്‍ലണ്ടിലെ അതിശൈത്യം ഇന്നലെ രാത്രിയും തുടര്‍ന്നതോടെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 6 മണിവരെയാണ് വാണിങ്. വ്യാഴാഴ്ച രാത്രിയില്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴ്ന്നു. ഇന്നും രാജ്യമെങ്ങും ശൈത്യം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ശക്തമായ തണുപ്പും, മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവര്‍ക്കെല്ലാം കടുത്ത തണുപ്പ് കാരണം ആരോഗ്യപ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം.
ഇന്ന് രാത്രി രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും Ulster, North Connacht പ്രദേശങ്ങളില്‍ മഴ, മഞ്ഞുവീഴ്ച എന്നിവ ഉണ്ടാകും. മൂടല്‍മഞ്ഞ് രൂപപ്പെടുയും, താപനില മൈനസ് 6 ഡിഗ്രി വരെ താഴുകയും ചെയ്യും.
അതേസമയം ശനിയാഴ്ച തണുപ്പിന് നേരിയ ആശ്വാസം ലഭിക്കും. പകല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുകയും ചെയ്യും. വാരാന്ത്യത്തില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും നനവും, കാറ്റും നിലനില്‍ക്കും.
ഇന്ന് വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ യു.കെ കാലാവസ്ഥാ വകുപ്പ് യെല്ലോ ഐസ് വാണിങ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 മണിമുതല്‍ രാവിലെ 10 മണി വരെയാണ് മുന്നറിയിപ്പ്. റോഡില്‍ ഐസ് വീണുകിടക്കുന്നതിനാല്‍ വാഹനാപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.