അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വില കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. ജനുവരി 29 മുതല്‍ ഗ്യാസിന് 9.5%, വൈദ്യുതിക്ക് 10% എന്നിങ്ങനെ വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അതേസമയം Electric Ireland-ഉം ഗ്യാസ്, വൈദ്യുതി വില മാര്‍ച്ച് മാസത്തോടെ കുറയ്ക്കുമെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയായ SSE Airtricity ആകട്ടെ ഡിസംബറില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.
നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് Bord Gáis Energy ഊര്‍ജ്ജവില കുറയ്ക്കുന്നത്. സ്റ്റാന്‍ഡിങ് ചാര്‍ജ്ജില്‍ 8% കുറവ് വരുത്തുമെന്നും കമ്പനി അിയിച്ചിട്ടുണ്ട്. ഇതോടെ Bord Gáis Energy-യില്‍ നിന്നും വൈദ്യുതി, ഗ്യാസ് കണക്ഷന്‍ എന്നിവ രണ്ടും എടുത്തിട്ടുള്ള വീട്ടുകാര്‍ക്ക് വര്‍ഷം ശരാശരി 331 യൂറോ ലാഭിക്കാന്‍ സാധിക്കുമെന്ന് കമ്പനി പറഞ്ഞു. വൈദ്യുതി കണക്ഷന്‍ മാത്രമുള്ളവര്‍ക്ക് 190 യൂറോയും, ഗ്യാസ് മാത്രമാണെങ്കില്‍ 141 യൂറോയും വാര്‍ഷികമായി ലാഭിക്കാം.
അതേസമയം 2022-ല്‍ പലതവണയായി വില ഉയര്‍ത്തിയ ശേഷമാണ് Bord Gáis Energy നിലവില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഏപ്രിലില്‍ വൈദ്യുതിക്ക് 27%, ഗ്യാസിന് 39% എന്നിങ്ങനെ കമ്പനി വില വര്‍ദ്ധിപ്പിച്ചിരുന്നു. ആഗോളമായി ഊര്‍ജ്ജവില വര്‍ദ്ധിച്ചതാണ് പ്രാദേശികമായി വില വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് കമ്പനി പറഞ്ഞത്.