അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി, പാചകവാതകം എന്നിവയുടെ വില യഥാക്രമം 8%, 7% എന്നിങ്ങനെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഊര്‍ജ്ജവിതരണ കമ്പനിയായ Electric Ireland. മാര്‍ച്ച് 1 മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി. മറ്റൊരു കമ്പനിയായ SSE Aitricity-യും ഡിസംബറില്‍ ഗ്യാസ്, വൈദ്യുതി വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണക്കാരായ Electric Ireland, നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിലയില്‍ കുറവ് വരുത്തുന്നത്. ഇതോടെ വൈദ്യുതിക്ക് മാസംതോറും ശരാശരി 12.73 യൂറോയും, ഗ്യാസിന് 9.27 യൂറോയും ലാഭിക്കാനാകും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ വിലക്കുറവ് ആശ്വാസമാകും.
അതേസമയം 2022-ല്‍ മൂന്ന് തവണയായി Electric Ireland ഊര്‍ജ്ജവില വര്‍ദ്ധിപ്പിച്ചിരുന്നു. 2022 ഒക്ടോബറിലാകട്ടെ വൈദ്യുതിക്ക് 26.7%, ഗ്യാസിന് 37.5% എന്നിങ്ങനെയായിരുന്നു വില വര്‍ദ്ധിപ്പിച്ചത്. അതിനാല്‍ത്തന്നെ നിലവിലെ വില ഇപ്പോഴും കോവിഡിന് മുമ്പുള്ളതിനെക്കാള്‍ വളരെ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.