അയർലണ്ടിലുടനീളം ശക്തമായ തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. റോഡ് യാത്രയ്ക്കടക്കം തടസം നേരിടുകയാണെന്നും, അപകട സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി.
റോഡിൽ ഐസ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും അതീവ ജാഗ്രത പാലിക്കണം. ഡ്രൈവർമാർ വാഹനത്തിന്റെ ടയർ ഗ്രിപ്പ് അടക്കമുള്ളവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കുകയും ചെയ്യണം.
ഞായറാഴ്ച രാത്രി മൈനസ് 3.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സമാനമായ കാലാവസ്ഥ ഇന്നും തുടരും. ഇന്നലെ രാത്രി 7 മണി മുതൽ ഇന്ന് പകൽ 11 മണിവരെ ഡോണഗൽ, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നൽകുകയും ചെയ്തിരുന്നു.
ഇതിനു പുറമെ ഡോണഗലിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്നോ, ഐസ് വാണിങ്ങുകളും നൽകിയിട്ടുണ്ട്.
വടക്കൻ അയർലണ്ടിലെ ആറ് കൗണ്ടികളിലും ഇന്ന് വൈകിട്ട് 3 മുതൽ നാളെ രാവിലെ 9 മണി വരെ സമാനമായ വാണിങ് നൽകിയിട്ടുണ്ട്.