ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിവസം. പ്രതിരോധിക്കാന്‍ സാധിക്കാതെ പലസ്തീന്‍ ജനത കിതയ്ക്കുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഗാസയിലെ സായുധപോരാളികളായ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ അതിശക്തമായ യുദ്ധമാരംഭിച്ചത്. ഇതുവരെ 23,843 പലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 60,317 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ മാത്രം 135 പേരാണ് ഗാസയില്‍ ജീവനറ്റ് വീണത്.
യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും, വടക്കന്‍ ഗാസയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹമാസിനെ നശിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മരിച്ചുവീഴുന്നവരില്‍ ബഹുഭൂരിപക്ഷവും നിരപരാധികളാണ്.
1,200 ഇസ്രായേലികളാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 240 പേരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്തുടരുകയാണ്. ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡബ്ലിന്‍ നഗരത്തിലും ഇന്നലെ ആയിരക്കണക്കിന് പേർ പങ്കെടുത്ത് പലസ്തീന്‍ അനുകൂല റാലി നടന്നു. ഉച്ചയ്ക്ക് 1.30-ഓടെ Garden of Remembrance-ല്‍ ആരംഭിച്ച റാലി നഗരമദ്ധ്യത്തിലെ O’Connell Street-ലൂടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫിസിന് മുന്നില്‍ സമാപിച്ചു.