അയര്‍ലണ്ടിലെ 18 മുതല്‍ 25 വരെ പ്രായക്കാര്‍ക്കും, 16 വയസിന് മുകളിലുള്ള മുഴുവന്‍ സമയ തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുഗതാഗതസംവിധാനങ്ങളില്‍ ഇനിമുതല്‍ 50% ഡിസ്‌കൗണ്ടോടെ യാത്ര. പദ്ധതിയില്‍ അംഗങ്ങളാകുന്ന കൊമേഴ്‌സ്യല്‍ ഗതാഗതസംവിധാനങ്ങളിലും ഈ സൗജന്യം ലഭിക്കും.
പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ അടക്കമുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന കണ്ടുവരുന്നുണ്ടെന്നും, ഇതാണ് ഇവര്‍ക്ക് ടിക്കറ്റില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിലേയ്ക്ക് നയിച്ചതെന്നും ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. കോളജ്, ട്രെയിനിങ്, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, മറ്റ് യാത്രകള്‍ എന്നിവയ്‌ക്കെല്ലാം ചെറുപ്പക്കാര്‍ കൂടുതലായി പൊതുഗതഗാത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതോടെ കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രേരിതരാകും.
യാത്രാ ചെലവ് കുറയ്ക്കുന്നതോടൊപ്പം തന്നെ സ്വകാര്യ വാഹന ഉപയോഗം കുറയുന്നതോടെ, രാജ്യം പുറന്തള്ളുന്ന കാര്‍ബണിന്റെ അളവും കുറയും. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് വളരെയേറെ സഹായകമാണ്.
പൊതുഗതാഗതസംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ടിക്കറ്റ് നിരക്കില്‍ 20% ഓഫര്‍ നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.