ലോകനഗരങ്ങളിലെ ഏറ്റവും മോശം ഗതാഗതക്കുരുക്കുകളില്‍ ഡബ്ലിന്‍ രണ്ടാം സ്ഥാനത്ത്. TomTom എന്ന ഡച്ച് കമ്പനി നടത്തിയ പഠനപ്രകാരം, 2023-ല്‍ ശരാശരി 29 മിനിറ്റ് 30 സെക്കന്റാണ് ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ ഒരു വാഹനം 10 കി.മീ പിന്നിടാനെടുത്ത സമയം. 2022-നെക്കാള്‍ 1 മിനിറ്റ് അധികമാണിത്.
ഡബ്ലിന്‍ നഗരത്തില്‍ ഓരോ ദിവസവും 29 മിനിറ്റ് 30 സെക്കന്റ് വൈകുന്നതിലൂടെ ദിവസേന രണ്ട് യാത്രകള്‍ ചെയ്യുന്ന ഒരാള്‍ക്ക് ഒരു വര്‍ഷം ശരാശരി 185 മണിക്കൂറാണ് നഷ്ടമാകുന്നത്. ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ പരമാവധി 16 കി.മീ സ്പീഡില്‍ മാത്രമാണ് നഗരത്തിലൂടെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക.
അയര്‍ലണ്ടിലെ മറ്റ് പ്രധാന നഗരങ്ങളായ ലിമറിക്ക്, കോര്‍ക്ക് എന്നിവ പട്ടികയില്‍ യഥാക്രമം 202, 212 സ്ഥാനങ്ങളിലാണ്.
അതേസമയം യു.കെയുടെ തലസ്ഥാനമായ ലണ്ടനാണ് പട്ടികയില്‍ ഒന്നാമത്- 10 കി.മീ പിന്നിടാനെടുക്കുന്ന ശരാശരി സമയം 37 മിനിറ്റ് 20 സെക്കന്റ്).
രണ്ടാം സ്ഥാനത്ത് ഡബ്ലിന്‍ കഴിഞ്ഞാല്‍ ടൊറന്റോ (കാനഡ)- 29 മിനിറ്റ്, മിലാന്‍ (ഇറ്റലി)- 28 മിനിറ്റ് 50 സെക്കന്റ്, ലിമ (പെറു)- 28 മിനിറ്റ് 30 സെക്കന്റ്, ബെംഗളൂരു (ഇന്ത്യ)- 28 മിനിറ്റ് 10 സെക്കന്റ്, പുണെ (ഇന്ത്യ)- 27 മിനിറ്റ് 50 സെക്കന്റ്, ബുക്കാറസ്റ്റ് (റൊമാനിയ)- 27 മിനിറ്റ് 40 സെക്കന്റ്, മനില (ഫിലിപ്പൈന്‍സ്)- 27 മിനിറ്റ് 20 സെക്കന്റ്, ബ്രസ്സല്‍സ് (ബെല്‍ജിയം)- 27 മിനിറ്റ് എന്നിവയാണ് യഥാക്രമം മൂന്ന് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
യുഎസ് നഗരമായ ന്യൂയോര്‍ക്ക് 20-ആം സ്ഥാനത്താണ്.
ലോകത്തെ ആറ് വന്‍കരകളിലെ 55 രാജ്യങ്ങളിലായുള്ള 387 നഗരങ്ങളുടെ പട്ടികയാണ് TomTom തയ്യാറാക്കിയിട്ടുള്ളത്.