ടിപ്പററി മലയാളികളുടെ കൂട്ടായ്മയായ MIST [MALAYALEES IN SOUTH TIPPERARY]-ന്റെ ഉദ്‌ഘാടനം ജനുവരി 17-ന്

പുതുവർഷത്തെയും വരും വർഷങ്ങളേയും മനോഹരമാക്കുന്നതിനായി സൗത്ത് ടിപ്പേററിയിലെ മലയാളികൾ ചില നൂതന ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. അതിനായി MIST [MALAYALEES IN SOUTH TIPPERARY] എന്ന കൂട്ടായ്മയുടെ വാതിൽ 2024 ജനുവരി 17-ന് തുറക്കുന്നു. നിലവിലുള്ളവരുടെയും പുതുതായി എത്തുന്നവരുടെയും ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിലൂടെ സൗത്ത് ടിപ്പററിയിൽ എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിയുകയും കൂടിയാലോചനകളിലൂടെ സാധ്യമായ പരിഹാരങ്ങൾ തേടുകയും ചെയ്യാനാണ് ഉദ്ദേശ്യം.

നമ്മുടെ നാടിന്റെ തനിമയും സംസ്കാരവും വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകാൻ ഉതകുന്ന വിധത്തിൽ ഉള്ള വിവിധ തരം പരിപാടികളുടെ കൂടെ പാട്ടും നൃത്തവും കായിക മത്സരങ്ങളും ഒത്തിണക്കിക്കൊണ്ട് വരും കാലങ്ങളിൽ പരസ്പര ബഹുമാനവും സ്നേഹവും കൂട്ടിയുറപ്പിച്ചു ഒരു കൊച്ചു സുന്ദര കേരളം ഇവിടെ തീർക്കാൻ MIST ആഗ്രഹിക്കുന്നു.

ടിപ്പററി ഹൈജീൻ ഹബിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളോടൊത്തുനിന്നുകൊണ്ട് MIST-ന്റെ ആദ്യ ഉദ്യമമായി ശുചിത്വപരിപാലനത്തിനാവശ്യമായ സാധനങ്ങൾ കൈമാറ്റം ചെയ്തുകൊണ്ടു പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനമാണ് വർക്കിങ്ങ് കമ്മിറ്റി കൈകൊണ്ടിട്ടുള്ളത്.

കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി ക്ലോൺമെൽ ഓ. ജി. സ്പോർട്സ് ക്ലബ്ബിൽ 2024 ജനുവരി 17-ന് വൈകിട്ട് 6 മണിക്ക് അതിഥികൾക്കൊപ്പം മിസ്റ്റിന്റെ തിരിതെളിച്ച് ആരംഭംകുറിക്കും. ഭാവി പ്രവർത്തനങ്ങളെ പറ്റി സംവദിക്കാനും, മിസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരാനും, കാര്യക്ഷമമായപ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങൾ പങ്ക് വെച്ച് തീരുമാനിക്കുന്നതിനായും ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നതിന്നും ഏവരുടെയും മഹനീയ സാന്നിധ്യം തീർച്ചയായും ഉണ്ടാകണമെന്നും, ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: