2024-ല്‍ അയര്‍ലണ്ടിലെ വീടുകളുടെ ശരാശരി വില 3% വര്‍ദ്ധിക്കുമെന്ന് REA Average House Price Index റിപ്പോര്‍ട്ട്. 2023-ന്റെ അവസാനപാദത്തില്‍ ഭവനവില 1% വര്‍ദ്ധിച്ച് ഒരു ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 304,259 യൂറോയില്‍ എത്തിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതില്‍ 3% വര്‍ദ്ധന സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
രാജ്യത്ത് കൂടുതലായും വില്‍ക്കപ്പെടുന്ന ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലാണ് REA Average House Price Index ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡബ്ലിനില്‍ വീടുകളുടെ വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1.5% ആണ് വര്‍ദ്ധിച്ചത്. അതായത് ഇവിടെ ഒരു ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില നിലവില്‍ 511,667 യൂറോ ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% അധികമാണിത്.
ഡബ്ലിന്‍ പുറത്തുള്ള പ്രദേശങ്ങളില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നത് 1.73% ആണ്; നിലവിലെ ശരാശരി വില 323,000 യൂറോ. 4.5% ആണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വിലവര്‍ദ്ധന.
കോര്‍ക്കില്‍ മൂന്ന് മാസത്തിനിടെ 1.4% (നിലവിലെ ശരാശരി വില 323,000 യൂറോ), ഗോള്‍വേയില്‍ 0.6% (നിലവിലെ ശരാശരി വില 337,000 യൂറോ) എന്നിങ്ങനെയും വര്‍ദ്ധിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ വീട് വാങ്ങുന്നവരില്‍ ഭൂരിപക്ഷവും (59%) മോര്‍ട്ട്ഗേജ് ഉപയോഗിച്ച് വീട് വാങ്ങുന്ന ഫസ്റ്റ് ടൈം ബയേഴ്സാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.