അയര്‍ലണ്ടില്‍ Gerrit കൊടുങ്കാറ്റ് അസ്വസ്ഥത സൃഷ്ടിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഏഴ് കൗണ്ടികളില്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ക്ലെയര്‍, കെറി, ഡോണഗല്‍, ഗോള്‍വേ, ലെയിട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകള്‍ നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പുകള്‍ വെള്ളിയാഴ്ച രാവിലെ 6 മണി വരെ തുടരും.
ശക്തമായ മഴ, കാറ്റ് എന്നിവ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുകയും, യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ തിരമാലകളുയരുന്നതും അപകടസാധ്യത സൃഷ്ടിക്കും.
അതേസമയം ഇന്നലെ വീശിയടിച്ച Gerrit കൊടുങ്കാറ്റില്‍ രാജ്യത്ത് പലയിടത്തും മരങ്ങള്‍ കടപുഴകിവീണും മറ്റും നാശനഷ്ടങ്ങളുണ്ടായി. വെസ്റ്റ് കോര്‍ക്കിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. Dunmanway- Macroom റോഡ് വെള്ളപ്പൊക്കം കാരണം അടച്ചു.
നോര്‍ത്ത് കോര്‍ക്കിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുകയും, Longfields Bridge, Killavullen Bridge എന്നിവ അടച്ചിടുകയും ചെയ്തു.