ഇന്ത്യക്കാരടക്കമുള്ള മലയാളി നഴ്‌സുമാരും, ഹെല്‍ത്ത് കെയറര്‍മാരും യു.കെയില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ ബാലഗോപാല്‍ നടത്തിയ അന്വേഷണാത്മ റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുവിട്ടത്.
യു.കെയിലെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലെ Prestwick Care എന്ന പേരിലുള്ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 നഴ്‌സിങ് ഹോമുകള്‍ കേന്ദ്രീകരിച്ചാണ് ബാലകൃഷ്ണന്‍ ഗോപാല്‍ രഹസ്യ റിപ്പോര്‍ട്ടിങ് നടത്തിയത്. ഗ്രൂപ്പിന് കീഴില്‍ ന്യൂകാസിലിലെ ഒരു കെയര്‍ഹോമില്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഹെല്‍ത്ത് കെയററായി ജോലി ചെയ്താണ് അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നഴ്‌സുമാര്‍ക്കും, കെയറര്‍മാര്‍ക്കും പുറമെ ഇവിടങ്ങളിലെ അന്തേവാസികളും ചൂഷണവും, അവഗണനയും നേരിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 1,100 യൂറോ വരെ മാസം ഫീസ് നല്‍കി താമസിക്കുന്നവരുടെ അവസ്ഥയാണ് ചിത്രങ്ങളും, വീഡിയോകളും അടക്കം നല്‍കി ബിബിസി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Prestwick Care-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 കെയര്‍ഹോമുകളില്‍ കേരളത്തില്‍ നിന്നുള്ള 150-ഓളം പേരടക്കം വലിയൊരു വിഭാഗവും വിദേശ നഴ്‌സുമാരാണ്. ഇവരില്‍ സാധാരണ തുകയില്‍ നിന്നും വലിയ രീതിയില്‍ വിസ ചാര്‍ജ്ജ് നല്‍കിയാണ് സ്ഥാപനം ജോലി നല്‍കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി 551 പൗണ്ട് മാത്രമാണ് വിസ ഫീസ്. എന്നാല്‍ ഇതിലും എത്രേേയാ ഇരട്ടിയാണ് സ്ഥാപനം നഴ്‌സുമാരില്‍ നിന്നും വാങ്ങിക്കുന്നത്.
യു.കെയില്‍ ഒരു സ്‌പോണ്‍സറുടെ സഹായത്തോടെ വിസയുമായി എത്തുന്ന നഴ്‌സുമാര്‍, ആ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഒഴിവാകുകയാണെങ്കില്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ അടുത്ത സ്‌പോണ്‍സറെ കണ്ടെത്തണമെന്നാണ് നിയമം. എന്നാല്‍ ഇതിന് മിക്കപ്പോഴും ഇവര്‍ക്ക് സാധിക്കാതെ വരുന്നു. അതിനാല്‍ പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചുപോകുക മാത്രമാണ് വഴി. ഇക്കരണത്താലാണ് ദുരിതം അനുഭവിച്ചും നഴ്‌സുമാര്‍ Prestwick Care ഗ്രൂപ്പിന്റെ കെയര്‍ഹോമുകളില്‍ തുടരുന്നത്. അഥവാ മറ്റൊരു ജോലി ലഭിച്ചാലും 4,000 പൗണ്ട് വരെ അടച്ചാല്‍ മാത്രമേ സ്ഥാപനത്തില്‍ നിന്നും പോകാനാകൂ എന്നും കരാര്‍ ഒപ്പിടീക്കുന്നതോടെ നഴ്‌സുമാര്‍ ഇവിടെ തന്നെ തുടരാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ജോലി മാറുമ്പോള്‍ നിയമപരമായി ഇത്തരത്തില്‍ ഒരു തുകയും നല്‍കേണ്ടതില്ലെന്നാണ് Department of Health and Social Care (DHSC) വ്യക്തമാക്കുന്നത്.
ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ യു.കെയിലെ ആരോഗ്യരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. 2023-ല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 140,000 വിസ യു.കെ നല്‍കിയിരുന്നു. ഇതില്‍ 39,000 പേരും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരാണ്. എന്നാല്‍ പലരും ഏജന്റുമാര്‍ക്ക് പണം നല്‍കിയാണ് വിസ സംഘടിപ്പിക്കുന്നതെന്നത്. പിന്നീട് പ്രസ്തുത നഴ്‌സ്ങ് ഹോം പോലുള്ള സ്ഥാപനങ്ങളില്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നു. ഇത് നിരന്തരം നടക്കുന്നുവെന്നതിനാല്‍ Prestwick Care പല സ്ഥാപനങ്ങളില്‍ ഒന്ന് മാത്രമാണെന്നതാണ് ദുഃഖകരമായ സത്യം.
ഏതാനും മാസം മുമ്പ് യു.കെയിലെ തന്നെ മലയാളികളായ നഴ്‌സുമാരെ ചൂഷണം ചെയ്ത് പണം സമ്പാദിച്ച ഇന്ത്യക്കാരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.