യൂറോപ്പിലെ ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളുള്ള രാജ്യമായി അയര്‍ലണ്ട്. ലൈഫ്‌സ്റ്റൈല്‍ മാഗസിനായ Dailybase ആണ് പട്ടിക തയ്യാറാക്കിയത്.
തൊഴിലില്ലായ്മാ നിരക്ക്, ആരോഗ്യരംഗത്തെ സേവനം, ജീവിതച്ചെലവ്, ശമ്പളം മുതലായ 12 ഘടകങ്ങളാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്.
പട്ടികയില്‍ 100-ല്‍ 73.72 പോയിന്റ് നേടിയാണ് അയര്‍ലണ്ട് ഒന്നാം സ്ഥാനത്തെത്തിയത്. 2022-ല്‍ 11.97 വളര്‍ച്ച നേടിയ ജിഡിപി, അയര്‍ലണ്ടിനെ മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. യൂറോപ്പിലെ ശരാശരിയെ അപേക്ഷിച്ച് 354% അധികമാണിത്. ഒപ്പം രാജ്യത്തെ വിവാഹമോചനങ്ങള്‍ 1,000-ല്‍ 0.6 മാത്രമാണെന്നതും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കാന്‍ സഹായിച്ചു.
69.25 പോയിന്റോടെ നോര്‍വേയാണ് രണ്ടാം സ്ഥാനത്ത്. സാക്ഷരതയില്‍ 100%, 83 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യം എന്നിവ നോര്‍വേയെ രണ്ടാമതെത്താന്‍ സഹായിച്ചു.
പട്ടികയില്‍ നെതര്‍ലണ്ട്‌സ് 68.76 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വളരെ കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് (3.7%), 55.6% ജനങ്ങളും ടെറിറ്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്നിവയാണ് നെതര്‍ലണ്ട്‌സിന്റെ പ്രധാന നേട്ടങ്ങള്‍.
മാസം 4,670 യൂറോ ശമ്പളം ലഭിക്കുന്ന ലക്‌സംബര്‍ഗ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഒപ്പം 100% സാക്ഷരത, 82 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യം എന്നിവയുമുണ്ട്. 67.9 പോയിന്റാണ് ലക്‌സംബര്‍ഗിന് ലഭിച്ചത്.
67.73 പോയിന്റോടെ യു.കെയാണ് അഞ്ചാം സ്ഥാനത്ത്. ജനങ്ങളില്‍ 57.47% പേരും ടെറിറ്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതാണ് രാജ്യത്തിന്റെ പ്രധാന നേട്ടം.