അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ പണപ്പെരുപ്പ നിരക്ക് 5.1% ആയിരുന്നത്, നവംബര്‍ മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ 3.9% ആയി കുറഞ്ഞുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (CSO) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഒരു വര്‍ഷക്കാലത്തെ കണക്കെടുക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ കുറയുന്നത്.
അതേസമയം ഊര്‍ജ്ജം, അസംസ്കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ കൂടാതെയുള്ള കണക്കാണിത്. ഇവ കൂടി ചേര്‍ക്കുമ്പോള്‍ നവംബറിലെ വാര്‍ഷിക പണപ്പെരുപ്പം 5.6% ആണ്.
നവംബര്‍ വരെയുള്ള ഒരു മാസത്തിനിടെ ഏറ്റവുമധികം വില വര്‍ദ്ധിച്ചത് ഇവയ്ക്കാണ്: റിക്രിയേഷന്‍, കള്‍ച്ചര്‍ (7.7 % വര്‍ദ്ധന), റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ (7% വര്‍ദ്ധന), ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ (6.7% വര്‍ദ്ധന).
അതേസമയം ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്ക് വില കുറയുകയും ചെയ്തു. ഊര്‍ജ്ജത്തിനും, ഇന്ധനത്തിനും വില കുറഞ്ഞത് അതാത് വിതരണക്കാര്‍ മൊത്തവിതരണത്തിന് വിലക്കുറവ് പ്രഖ്യാപിച്ചതോടെയാണ്.