ശൈത്യകാലമെത്തിയതോടെ രാജ്യത്ത് സ്നോ സ്യൂട്ടുകള്‍ അഥവാ തണുപ്പകറ്റാനുള്ള കമ്പിളിയിടുപ്പുകള്ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ വിപണിയിലെത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ധരിക്കാവുന്ന ഏതാനും കമ്പിളിയുടുപ്പുകള്‍ തിരികെ വിളിച്ചിരിക്കുകയാണ് River Island എന്ന കമ്പനി.
ഉടുപ്പുകളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള സില്‍വര്‍ നിറത്തിലുള്ള തുണി, തുന്നല്‍ വിട്ട് പോരാനും, അത് കുട്ടികളുടെ വായിലെത്തി ശ്വാസംമുട്ട് അനുഭപ്പെടാനും സാധ്യതയുള്ളതിനാലാണ് River Island നിര്‍മ്മിച്ച് വില്‍ക്കുന്ന baby girls pink peplum quilted snowsuit, baby boys blue quilted snowsuit എന്നീ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മിഷന് (CCPC), കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ ഉടുപ്പുകളുടെ കോഡ് നമ്പര്‍ 458873, 458872 എന്നിവയാണ്. ഉടുപ്പുകളുടെ അകത്ത് ഇവ പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവ വിറ്റിരിക്കുന്നത്. River Island സ്റ്റോറുകള്‍ക്ക് പുറമെ Next, Very Ireland എന്നീ ഷോപ്പുകളിലും ഇവ ലഭ്യമായിരുന്നു.
ഈ ഉടുപ്പുകള്‍ വാങ്ങിയവര്‍ ഇവ ഇനി ഉപയോഗിക്കരുതെന്നും, River Island സ്റ്റോറിലോ, അല്ലെങ്കില്‍ അതാത് സ്റ്റോറുകളിലോ തിരികെയെത്തിച്ചാല്‍ റീഫണ്ട് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ വെബ്സൈറ്റ് (https://www.riverisland.com/ie/product-recall) വഴിയോ, കസ്റ്റമര്‍ സര്‍വീസ് ടീം വഴിയോ സഹായം തേടാം.