സഭയുടെ ‘വിശ്വാസം’ നേടി മന്ത്രി മക്കന്റീ; സർക്കാരിന് നേട്ടം

ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയില്‍ പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനെതിരായി സര്‍ക്കാര്‍ കൊണ്ടുവന്ന വിശ്വാസപ്രമേയത്തെ അനുകൂലിച്ച് 83 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 63 പേര്‍ എതിര്‍ത്തു. ഇതോടെ വിശ്വാസപ്രമേയത്തില്‍ മന്ത്രി മക്കന്റീ വിജയിക്കുകയായിരുന്നു.

ഡബ്ലിനില്‍ തീവ്രവലതുപക്ഷ വാദികള്‍ നടത്തിയ കലാപത്തിന് പിന്നാലെയാണ് മന്ത്രിയും, ഗാര്‍ഡയും പരാജയമാണെന്നാരോപിച്ച് Sinn Fein, പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇതിനെതിരെ വിശ്വാസപ്രമേയം അവതരിപ്പിച്ച് വോട്ടിങ് നടത്തുകയായിരുന്നു.

നവംബര്‍ 23 വ്യാഴാഴ്ച ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലുള്ള സ്‌കൂളിന് സമീപം അക്രമി, മൂന്ന് കുട്ടികളടക്കം നാല് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് അന്ന് രാത്രിയില്‍ വലിയ കലാപത്തിലേയ്ക്ക് നയിച്ചത്. അക്രമി കുടിയേറ്റക്കാരനായതിനാല്‍, തീവ്രവലതുപക്ഷ വാദികള്‍ നഗരത്തില്‍ കലാപം അഴിച്ചുവിടുകയും, ഇതിന്റെ മറവില്‍ തീവെപ്പും, കൊള്ളയും നടത്തുകയുമായിരുന്നു. 34 പേരെ സംഭവത്തില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു.

തെരുവുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും, ഗാര്‍ഡയ്ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നീതിന്യായവകുപ്പ് മന്ത്രിയുടെ കടമയാണെന്ന് ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് ചര്‍ച്ചയില്‍ Sinn Fein നേതാവ് Mary Lou McDonald പറഞ്ഞു. എന്നാല്‍ ഇതില്‍ മന്ത്രി മക്കന്റീ പരാജയപ്പെട്ടുവെന്നും അവര്‍ വിമര്‍ശനമുയര്‍ത്തി.

അതേസമയം നഗരത്തില്‍ നടന്ന കലാപം മുതലെടുത്താണ് പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ സര്‍ക്കാര്‍, ഈ നടപടിയെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചെയ്തികളോട് താരതമ്യപ്പെടുത്തുകയും ചെയ്തു. ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പ്രധാനമന്ത്രിയും Fine Gael നേതാവുമായ ലിയോ വരദ്കര്‍ ആരോപിച്ചു. മക്കന്റീയില്‍ പൂര്‍ണ്ണവിശ്വാസം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ചയോളം കഴിഞ്ഞാണ് സര്‍ക്കാര്‍ അക്രമം നടന്ന സ്‌കൂളിലെ അധികൃതരുമായി ബന്ധപ്പെട്ടതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും വരദ്കര്‍ തള്ളി. അക്രമം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: