അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊടിയ ശൈത്യത്തിലേയ്ക്ക് കടന്നിരിക്കേ, റോഡ് സുരക്ഷയിലും ആശങ്ക ഉടലെടുത്തിരിക്കുകയാണ്. അയര്‍ലണ്ടില്‍ പൊതുവെ വാഹനാപകടങ്ങളും, മരണങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴുകയും, മൂടല്‍മഞ്ഞ്, റോഡിലെ ഐസ് ഉറയുക എന്നിവയുമെല്ലാം അപകടങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ആശങ്ക. എന്നാല്‍ മഞ്ഞുകാലത്ത് സംഭവിക്കാവുന്ന വാഹനാപപകടങ്ങള്‍ വലിയൊരു പരിധി വരെ തടയാന്‍ ചില മുന്‍കരുതലുകള്‍ മതിയാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
- വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
മഞ്ഞ് കാലത്ത് ബാറ്റി ക്ഷയിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണ് വാഹനങ്ങള്‍ക്ക് നേരിടേണ്ടിവരിക. അതിനാല്‍ നിങ്ങളുടെ വാഹനം ഇതിനെയെല്ലാം അതിജീവിക്കാന്‍ തയ്യാറും, സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
പഴയ ബാറ്ററിയാണെങ്കിലോ, സ്റ്റാര്ട്ടാകാന് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലോ പുതി ബാറ്ററി വാങ്ങി ഘടിപ്പിക്കുന്നതാണ് നല്ലത്. ബാറ്ററി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ അതിലെ ഫ്ളൂയിഡ് പരിശോധിച്ച് ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കണം.
വിന്‍ഡ് ഷീല്‍ഡ് കഴുകുന്ന ഫ്ളൂയിഡും ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കണം. ഇതിന് പകരം വെള്ളം നിറയ്ക്കാതിരിക്കുക, കാരണം മഞ്ഞ് തൂത്തുകളയാന്‍ വെള്ളം മതിയാകില്ല. മഞ്ഞുറയുന്നത് തടയുന്ന പ്രത്യേക ഫ്ളൂയിഡ് തന്നെ ഉപയോഗിക്കുക.
2. ടയറുകൾ
റോഡില്‍ ഐസ് രൂപപ്പെടുന്നതിനാല്‍ തെന്നിപ്പോകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ നല്ല ഗ്രിപ്പുള്ള ടയറുകള്‍ വാഹനത്തിനുണ്ടെന്ന് ഉറപ്പ് വരുത്തണം. പണം ലാഭിക്കാനായി തേഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്കും, മറ്റുള്ളവര്‍ക്കും അപകടമാണ്. രാജ്യത്തെ നിയമപ്രകാരം 1.6 മില്ലീമീറ്റര്‍ ഗ്രിപ്പാണ് വേണ്ടതെങ്കിലും, ശൈത്യകാലത്ത് ഇതിലുമധികം ഗ്രിപ്പുള്ള ടയറുകളുപയോഗിക്കുന്നത് അപകടം കുറയ്ക്കും. ആവശ്യമെങ്കില്‍ തണുപ്പുകാലത്ത് പ്രത്യേകമായി ഉപയോഗിക്കുന്ന ടയറുകള്‍ വാങ്ങിയിടുകയുമാകാം. ടയറിൽ ആവശ്യത്തിന് എയർ ഉണ്ടെന്നും ഉറപ്പ് വരുത്തണം.
3. ലൈറ്റുകള്‍
ശൈത്യകാലത്ത് റോഡ് യാത്ര ദുഷ്കരമാക്കുന്നതില്‍ മൂടല്‍മഞ്ഞ് അഥവാ ഫോഗ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ നേരങ്ങളില്‍ പോലും മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കും. അതിനാല്‍ വാഹനത്തിലെ ഫോഗ് ലാംപ് അടക്കമുള്ള എല്ലാ ലൈറ്റുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മൂടല്‍മഞ്ഞില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഫോഗ് ലാംപ് ഉപയോഗിക്കുകയും വേണം.
യാത്ര പുറപ്പെടുന്നതിന് മുമ്പായി ലൈറ്റുകളുടെ ഗ്ലാസ് ക്ലീനാണോ എന്നും പരിശോധിക്കണം. ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം ഉള്ള വാഹനമാണെങ്കിലും, ലൈറ്റ് ഓണ്‍ ആണ് എന്ന് ഉറപ്പ് വരുത്തണം. കാല്‍നടയാത്രക്കാര്‍ക്കും നിങ്ങളുടെ ലൈറ്റ് സഹായകമാകും.
4. മറ്റ് വാഹനങ്ങളില്‍ നിന്നും അകലം പാലിക്കുക
മോട്ടോര്വേയിലായാലും, ടൗണിലായാലും മുമ്പിലെ വാഹനത്തില്‍ നിന്നും പതിവിലുമധികം അകലം പാലിക്കുന്നതാണ് ശൈത്യകാലത്ത് നല്ലത്. റോഡിലെ ഐസും, വെള്ളവും ബ്രേക്ക് വിചാരിച്ച പോലെ പ്രവര്‍ത്തിക്കുന്നതിന് തടസമായാലും, മുന്നിലെ വാഹനത്തില്‍ ഇടിക്കാതെ നില്ക്കണമെങ്കില് ആവശ്യത്തിന് അകലം ഇട്ട് വോഹനമോടിക്കുന്നത് നല്ലതാണ്.
5. വാഹനത്തിന്റെ വേഗം
അമിതവേഗത തന്നെയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞുകാലത്തെ അമിതവേഗമാണെങ്കില് അപകടസാധ്യത കൂട്ടുന്നതുമാണ്. അതിനാല്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുക എന്നതിന്, കുറച്ചുകാലം കൂടി ജീവിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്.
പ്രത്യേകിച്ചും താപനില കുറയുന്നത് കണ്ടാല്‍ വാഹനത്തിന്റെ വേഗത നന്നായി കുറയ്ക്കണം. പെട്ടെന്ന് ബ്രേക്കിടുക, വളവുകളില്‍ വെട്ടിത്തിരിക്കുക എന്നിവ ഒഴിവാക്കണം. കാരണം കാഴ്ച മറയുന്നതിനൊപ്പം, റോഡിലെ ഐസ് കൂടിയാകുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ വളരെ എളുപ്പമാണ്. റോഡ് നന്നായി കാണാന്‍ കഴിയുന്നുണ്ടെങ്കിലും കുറഞ്ഞ വേഗതയില്‍ യാത്ര ചെയ്യുന്നത് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങളുടെ സാധ്യത കുറയ്ക്കും.
6. ആവശ്യത്തിന് ഭക്ഷണവും, വെള്ളവും കരുതുക
മുകളില്‍ പറഞ്ഞത് പോലെ ശൈത്യകാലത്ത് പലതരം വെല്ലുവിളികളെ അതിജീവിച്ച് വേണം വാഹനങ്ങള്‍ ഓടാന്‍. മഞ്ഞ് കാരണം അവ ബ്രേക്ക് ഡൗണ്‍ ആകാനോ, പ്രവര്‍ത്തനരഹിതമാകാനോ ഉള്ള സാധ്യത മുന്നില്‍ക്കാണണം. മഞ്ഞില്‍ വാഹനം പുതഞ്ഞുപോയാല്‍ ഉപയോഗിക്കാനായി സ്പ്രേ ചെയ്യാവുന്ന de-icer, ice scrapper, shovel എന്നിവ നിര്‍ബന്ധമായും ശൈത്യകാലത്തുടനീളം കാറില്‍ കരുതുക.
ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യത്തിന് വെള്ളവും, ഭക്ഷണവും വാഹനത്തില്‍ ഉണ്ടായിരിക്കണം.
7. യാത്രകള്‍ കൃത്യമായി പ്ലാന്‍ ചെയ്യുക
ധൃതിപ്പെട്ടുള്ള യാത്രകള്‍ ഒഴിവാക്കുക. കാരണം ആ ധൃതി റോഡിലും കാണിക്കുമ്പോള്‍ അപകടസാധ്യത വളരെ കൂടുതലാണ്.
പരിചിതമല്ലാത്ത റൂട്ടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മൂടല്‍മഞ്ഞോ, മഞ്ഞുറയലോ ഉണ്ടാകുന്ന വഴികളാണെങ്കില്‍, അപരിചിതമായ സ്ഥലങ്ങള്‍ നിങ്ങളെ കുഴപ്പിച്ചേക്കാം.
നിങ്ങള്‍ക്ക് അറിയാവുന്ന, ആളുകള്‍ ഉപയോഗിക്കുന്ന റൂട്ടുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അതേസമയം ഇവിടങ്ങളില്‍ ട്രാഫിക് കൂടുതലായിരിക്കുമെന്നതിനാല്‍, നേരത്തെ, ആവശ്യത്തിന് സമയമെടുത്ത് യാത്ര പുറപ്പെടുക. ധൃതി പാടില്ല.
- കാല്‍നടയാത്രക്കാരോട്…
വാഹനങ്ങള്‍ പോലെ കാല്‍നടയാത്രക്കാര്‍ക്കും ശൈത്യകാലത്ത് റോഡില്‍ അപകടമുണ്ടാകാനുള്ള സാധ്യത അധികമാണ്. വാഹനങ്ങള്‍ വരുന്നത് ശരിയായി കാണാന്‍ സാധിക്കാതിരിക്കുക, ഐസില്‍ തെന്നിവീഴുക എന്നിവയെല്ലാം സര്‍വ്വസാധാരണമാണ്. അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് കാല്നയാത്രക്കാര് ചെയ്യേണ്ടത്. നടക്കാന്‍ ഫുട്പാത്തുകള്‍ മാത്രം ഉപയോഗിക്കുക, റോഡ് ക്രോസ് ചെയ്യുമ്പോള്‍ വാഹനം വരുന്നില്ലെന്ന് ഒന്നിലധികം തവണ നോക്കി ഉറപ്പ് വരുത്തുക. മൂടല്‍മഞ്ഞ് നിങ്ങളുടെ കാഴ്ചയെ മറച്ചേക്കുമെന്നും, വാഹനം ശരിയായി കണ്ടേക്കില്ലെന്നും ഓര്‍മ്മിക്കുക.