ഡബ്ലിൻ : കണ്ണൂർ കമ്മ്യൂണിറ്റി ഇൻ അയർലണ്ട്, പ്രവാസി വ്യവസായികൾക്കായി ഏർപ്പെടുത്തിയ 2023-ലെ പ്രഥമ ‘പ്രവാസി ബിസിനസ് അച്ചീവ്മെന്റ് അവാർഡിന് വിശ്വാസ് ഫുഡ് കമ്പനിയുടെ ഉടമയായ ബിജുമോൻ ജോസഫ് അർഹനായി. ഡബ്ലിനിൽ നടന്ന എട്ടാമത് കണ്ണൂർ സംഗമത്തിൽ അഡ്വ. സിബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് പ്രശംസാ പത്രവും അവാർഡും ഡൺല്ലേരി ഡെപ്യുട്ടി മേയർ ഇവാ എലിസബത്ത് ഡൗലിംഗ്, മുൻ ഡബ്ലിൻ ലോർഡ് മേയർ കൗൺസിലർ ഡെർമോട്ട് ലാസി, മുൻ ഡെപ്യുട്ടി മേയർ കൗൺസിലർ മൈക്കിൾ ക്ലാർക്ക് എന്നിവർ ചേർന്ന് ബിജുവിന് നൽകി ആദരിച്ചു.
അവാർഡ് ദാന ചടങ്ങിൽ ഐറിഷ് ഇടവക വികാരിയും, കണ്ണൂർ നിവാസിയും സൈക്കോളജിയിൽ ഗവേഷക വിദ്യാർത്ഥിയുമായ റവ. ഫാ. രാജേഷ് മേച്ചിറാകാത്ത്, ഐറിഷ് മുൻ മന്ത്രിയും നിലവിലെ യൂറോപ്യൻ പാർലമെൻറ് എംപിയുമായ ബാരി ആൻഡ്രൂസ്, സീറോ മലബാർ സഭ ഡബ്ലിൻ സോണൽ ട്രസ്റ്റി ബിനുജിത്ത് സെബാസ്റ്റ്യന്, ജോയി തോമസ്, കണ്ണൂർ സംഗമ എക്സ്യുകുട്ടിവുകളായ ഷിജോ പുളിക്കൻ, അമൽ ടി. ജോസഫ്, സുഹാസ് പൂവം, പിന്റോ റോയി, അഡ്വ. സിബി സെബാസ്റ്റ്യന്, എന്നിവർ എന്നിവർ ആശംസകൾ നേർന്നു. ഇത്തരം പ്രവാസി അവാർഡുകൾ പുതിയ ബിസിനസുകാർ വളർന്നുവരുന്നതിനു പ്രചോദനം ആകുമെന്ന് റവ.ഫാ. രാജേഷ് മേച്ചിറാകാത്ത് ആശംസ പ്രസംഗത്തിൽ പറഞ്ഞു. ബിജു ജോസഫിന്റെ ഭാര്യയും മകനും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു .
ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ 20 വർഷത്തിലേറെ പരിചയമുള്ള ഏരാത്ത് ബിസിനസ് കോർപ്പറേഷന്റെ ഒരു അനുബന്ധ സംരംഭമായിട്ടാണ് വിശ്വാസ് ഫുഡ്സ് നിലവിൽ വന്നത്. അക്ഷരങ്ങളുടെയും ലാറ്റക്സുകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന കോട്ടയത്തിനടുത്ത് രാമപുരത്താണ് കമ്പനി സ്ഥിതി ചെയ്യുന്നത്.
മസാലപ്പൊടികൾ, കറിപ്പൊടികൾ, പ്രാതൽ അരിപ്പൊടികൾ എന്നിവ കമ്പനി പുറത്തിറക്കുന്നു. വിശ്വാസിന്റെ ബിസിനസ് ശൃംഖല യൂറോപ്പിൽ എങ്ങും രുചിയും മണവും പരത്തി വിജയിപ്പിച്ചെടുത്തതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ബിജു. വിശ്വാസ് എന്ന വാക്കിന്റെ അർത്ഥം വിശ്വാസം എന്നപോലെ ബിജുവിൽ കസ്റ്റമേഴ്സിനുണ്ടായ വിശ്വാസം ആണ് ബിസിനസിൽ വിജയം വരിക്കാൻ സഹായകമായത്. ആ വിജയത്തിന്റെ അംഗീകാരമാണ് ബിജുവിനെ പ്രഥമ ‘പ്രവാസി ബിസിനസ് അച്ചീവ്മെന്റ് അവാർഡിന് അർഹനാക്കിയത് എന്ന് അവാർഡ് നിർണയ കമ്മറ്റി വിലയിരുത്തി.