2024 ബജറ്റിൽ പ്രഖ്യാപിച്ച മൂന്ന് ക്ഷേമാധന സഹായങ്ങൾ ഈയാഴ്ച വിതരണം ചെയ്യുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഹെതർ ഹംഫ്രിസ്. ആകെ 133 മില്യൺ യൂറോയാണ് ഇതിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്.
Carer’s Support Grant ലഭിക്കാൻ അർഹതയുള്ള 120,000 പേർക്ക് വ്യാഴാഴ്ച 400 യൂറോ വീതം നൽകും. 400 യൂറോ ആണ് ഗ്രാന്റ്.
Living Alone Allowance ന് അർഹരായ 240,000 പേർക്ക് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സഹായധനം വിതരണം ചെയ്യും. 200 യൂറോ ആണ് സഹായം.
കുട്ടികളുടെ ക്ഷേമത്തിനായി നൽകുന്ന 100 യൂറോ സഹായം ഈയാഴ്ച 370,000 കുട്ടികളുടെ കുടുംബങ്ങൾക്കായി വിതരണം ചെയ്യും. നിലവിൽ primary social welfare payment ആയി ലഭിക്കുന്ന തുകയ്ക്ക് പുറമെയാണിത്.
മേൽ പറഞ്ഞ എല്ലാ സഹായധനങ്ങളും ഓട്ടോമാറ്റിക് ആയി ലഭിക്കും. അതായത് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.
ഇതിനു പുറമെ ദീർഘകാലം കെയറർ ആയവർക്കായി പുതിയൊരു പെൻഷൻ പദ്ധതിയും മന്ത്രി ഹംഫ്രിസ് പ്രഖ്യാപിച്ചിട്ടുണ്ട്. Long Term Carers Contributions സ്കീം എന്നറിയപ്പെടുന്ന പദ്ധതി, Contributory State Pension രീതിയിലാണ് നൽകുക.
മുഴുവൻ സമയ പരിചരണം ആവശ്യമായവരെ കുറഞ്ഞത് 20 വർഷമായെങ്കിലും പരിചരിക്കുന്ന, രജിസ്റ്റർ ചെയ്തവർക്ക് ഈ സഹായം ലഭിക്കും. ഈ പദ്ധതിയിൽ അപേക്ഷ നൽകാൻ:https://services.mywelfare.ie/