ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകള്‍ എമിലിയുടെ മോചനത്തില്‍ പ്രതികരിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറോട് ഉടക്കി ഇസ്രായേല്‍. ഇസ്രായേലുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ശനിയാഴ്ച എമിലി ഹാന്‍ഡ് അടക്കമുള്ള ഏതാനും പേരെ ഹമാസ് മോചിപ്പിച്ചത്.
സംഭവത്തില്‍ സന്തോഷമറിയിച്ചുകൊണ്ട് വരദ്കര്‍ എക്സില്‍ ഇട്ട പോസ്റ്റാണ് ഇസ്രായേലി അധികൃതരെ ചൊടിപ്പിച്ചിരിക്കുന്നത്.
‘കാണാതായ ഒരു നിഷ്കളങ്കയായ കുട്ടി തിരിച്ചെത്തിയിരിക്കുന്നു, നാം ആശ്വാസത്തിന്റെ വലിയൊരു ദീര്‍ഘശാസമെടുക്കുകയാണ്’ എന്നായിരുന്നു പോസ്റ്റില്‍ വരദ്കര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ എമിലിയെ കാണാതായതല്ലെന്നും, അവളെ ഭീകരസംഘടനയായ ഹമാസ് തട്ടിക്കൊണ്ടുപോയതാണെന്നുള്ള സത്യം വരദ്കര്‍ മനസിലാക്കണമെന്നുമാണ് ഇസ്രായേലിന്റെ വിദേശകാര്യമന്ത്രിയായ എലി കോഹന് വിമര്ശനമുയര്ത്തയിരിക്കുന്നത്. വരദ്കര്‍ ഭീകരവാദത്തെ സാധാരണവല്ക്കരിക്കുകയാണെന്നും, അദ്ദേഹത്തെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും പറഞ്ഞ കോഹന്, ട്വീറ്റ് സംബന്ധിച്ചുള്ള നിലപാടറിയിക്കാന്‍ ഇസ്രായേലിലെ ഐറിഷ് അംബാസഡറെ വിളിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ പറഞ്ഞത് എന്താണെന്ന് ഭൂരിപക്ഷം ആളുകള്‍ക്കും മനസിലായിട്ടുണ്ടെന്ന് സംഭവത്തില്‍ വരദ്കര്‍ പ്രതികരിച്ചു. (കാണാതായ) ഒരു കുട്ടി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴുള്ള വലിയ സന്തോഷവും, വിസ്മയവും താന്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ആളുകളെ ബന്ദിയാക്കുന്നതിനെ താന്‍ ശക്തമായ നേരത്തെ തന്നെ അപലപിച്ചിട്ടുണ്ടെന്നും, എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നാണ് എപ്പോഴും താന്‍ നിലപാടെടുത്തിട്ടുള്ളതെന്നും വരദ്കര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈജിപ്ത്, ഖത്തര്‍, റെഡ് ക്രോസ്, ഇസ്രായേല്‍ എന്നിവരുമായി അയര്‍ലണ്ട് കാര്യമായ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.